കോവിഡ് കേരളത്തില്‍ പിടിമുറുക്കിയതോടെ ഒളിവില്‍ പോയ പ്രതികളൊക്കെ ജീവഭയത്താല്‍ മാളത്തില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങിത്തുടങ്ങി.
മുമ്പ് പോലീസ് പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കണ്ടെത്താനാകാത്ത പ്രതികളാണ് ഇപ്പോള്‍ പോലീസിനു മുമ്പിലേക്ക് നേരിട്ടെത്തി കീഴടങ്ങിക്കൊണ്ടിരിക്കുന്നത്.
ഏറെ നാളായി ഒളിവിലായിരുന്ന അഭിമന്യു വധക്കേസിലെ മുഖ്യപ്രതി സഹല്‍ കീഴടങ്ങാനുള്ള കാരണവും കോവിഡ് തന്നെയാണെന്ന് പോലീസ് പറയുന്നു.
രണ്ടുവര്‍ഷത്തോളം കേരളത്തിനകത്തും പുറത്തും തിരച്ചില്‍ നടത്തിയിട്ടും സഹലിനെ കണ്ടെത്താനായിരുന്നില്ല.
അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം കര്‍ണാടകയിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. അവിടെ ഒളിവില്‍ കഴിയുമ്പോള്‍ കോവിഡ് പരിശോധന നടത്താനാകില്ല.
അതേസമയം, കേരളത്തിലെത്തി കോടതിയില്‍ ഹാജരായാല്‍ ചികിത്സ കിട്ടും. ഇതു മുന്‍കൂട്ടിക്കണ്ടാണ് സഹലിന്റെ നീക്കം.
കോവിഡ് കാലമായതിനാല്‍ ജയിലിലേക്കു പോകേണ്ടി വരില്ലെന്ന സാധ്യതയാണ് ഇതില്‍ പ്രധാനം. സാധാരണഗതിയില്‍ അറസ്റ്റിലാകുന്ന പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുന്നത് ജയിലിലേക്കാണ്.
നേരിട്ട് കോടതിയില്‍ ഹാജരാകുന്ന പ്രതികള്‍ക്ക് അവിടെനിന്നു ജാമ്യം കിട്ടാന്‍ സാധ്യത ഏറെയാണ്. കോവിഡ് കാലമായതിനാല്‍ ജാമ്യസാധ്യത വര്‍ധിച്ചതായും നിയമ വിദഗ്ധര്‍ പറയുന്നു. ഇതും കീഴടങ്ങാന്‍ പ്രതികളെ പ്രേരിപ്പിക്കുന്നു.