സിജോ പൈനാടത്ത്
കൊച്ചി: എറണാകുളം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളെ ബന്ധിപ്പിച്ചു പദ്ധതിയിട്ട നിർദിഷ്ട മലയോര ഹൈവേയുടെ അലൈൻമെന്റ് മാറ്റി.
ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ എതിർപ്പിനെത്തുടർന്നാണ് ജനപ്രതിനിധികൾ പോലുമറിയാതെ അലൈൻമെന്റ് മാറ്റിയതെന്നാണു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
കോതമംഗലത്തിന്റെ പരിസരത്തുനിന്നാരംഭിച്ച് ഇടുക്കി രാജാക്കാട് എത്തുന്ന ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങൾ ഭാഗികമായി പൂർത്തിയായിരുന്നു.
എറണാകുളം ജില്ലാ അതിർത്തിയിലെ മാമലക്കണ്ടം ഇളംബ്ലാശേരി വരെയാണു റോഡിന്റെ നിർമാണം നടത്തിയത്. ഇതിനുശേഷമാണ് ഫോറസ്റ്റ് അധികൃതരുടെ എതിർപ്പുയർന്നത്.
വാളറ ആറാം മൈലിൽനിന്നു പഴന്പള്ളിച്ചാൽ, മാമലക്കണ്ടം, ഇളംബ്ലാശേരിയിൽനിന്ന് ആദിവാസി മേഖലയായ കുറത്തിക്കുടി വഴി പോകുന്നതായിരുന്നു മലയോര ഹൈവേ. ഇവിടുന്നു പഴയ ആലുവ-മൂന്നാർ രാജപാതയിലേക്കു പ്രവേശിച്ച്, മാങ്കുളം-കല്ലാർ-പെരിന്പൻകുത്ത്-മാങ്കുളം-കുഞ്ചിത്തണ്ണി വഴി രാജാക്കാട് എത്തുന്ന പാത, മലയോര മേഖലയുടെ വികസനത്തിനുകൂടി വലിയ പ്രയോജനം ചെയ്യുമെന്നു ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
ആറാം മൈൽ മുതൽ മാങ്കുളം പെരുമ്പൻകുത്ത് വരെ വനമേഖലയിൽ കൂടിയാണ് ഈ ഹൈവേ കടന്നുപോകുന്നത്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഈ മലയോര ഹൈവേ പ്രഖ്യാപിച്ചു നടപടികളാരംഭിച്ചത്.
ആറാം മൈലിൽനിന്ന് ആനവരട്ടി വില്ലേജിലെ ഇരുട്ടുകാനം വഴി കന്പ് ലൈൻ തോക്കുപാറ വഴി രാജാക്കാടിലേക്കെത്തുന്ന രീതിയിലാണ് പുതിയ അലൈൻമെന്റ് എന്നാണു പൊതുമരാമത്ത് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
ആറാംമൈൽ, പഴംമ്പള്ളിച്ചാൽ, അബേദ്ക്കർ കോളനി, മാമലക്കണ്ടം, ഇളംബ്ലാശേരി ട്രൈബൽ കോളനി, ആവറുകുട്ടി, കുറത്തികുടി ട്രൈബൽ കോളനി എന്നീ പ്രദേശങ്ങളുടെ വികസനത്തിനുള്ള സാധ്യതയാണ് അലൈൻമെന്റ് മാറ്റത്തിലൂടെ അടഞ്ഞുപോകുന്നതെന്നു പൊതുപ്രവർത്തകനായ ഷാജി പയ്യാനിക്കൽ ചൂണ്ടിക്കാട്ടി.
വനത്തിലൂടെ നിർമാണം അനുവദിക്കാനാവില്ലെന്ന നിലപാടാണ് വനം വകുപ്പ് സ്വീകരിച്ചിട്ടുള്ളത്.
എന്നാൽ ഈ പ്രദേശത്തെ കുടിയേറ്റ കർഷകരും വിവിധ ട്രൈബൽ കോളനികളിലെ ജനങ്ങളും ഉപയോഗിച്ചിരുന്ന പാതയിലാണ് ഫോറസ്റ്റ് വകുപ്പ് തടസമുന്നയിക്കുന്നതെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. 1980 ലെ കേന്ദ്ര വനനിയമം ഈ റോഡിന് ബാധകമല്ലെന്നും ഇവർ പറയുന്നു.
1980 തിനുശേഷം റിസർവ് ഫോറസ്റ്റുകളിൽ കൂടി നിർമിച്ച റോഡിനാണ് നിയമം ബാധകമാവുക.
ഇല്ലാത്ത വനനിയമങ്ങൾ പറഞ്ഞും കേസെടുക്കുമെന്നു ഭീഷണിപ്പെടുത്തിയുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ റോഡ് നിർമാണം തടസപ്പെടുത്തുന്നതെന്നും ആരോപണമുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മലയോര ഹൈവേയുടെ അലൈൻമെന്റ് മാറ്റിയതെന്നാണ് പൊതുമരാമത്ത് വകുപ്പിൽനിന്നു ലഭിച്ച രേഖകൾ വ്യക്തമാക്കുന്നത്.
എന്നാൽ ഈ യോഗത്തെക്കുറിച്ചു സ്ഥലത്തെ എംപിയോ എംഎൽഎമാരോ മറ്റു ജനപ്രതിനിധികളോ അറിഞ്ഞിട്ടുമില്ല.
അലൈൻമെന്റ് മാറ്റം കോടതിയിലേക്ക്
മലയോര ഹൈവേയുടെ അലൈൻമെന്റ് മാറ്റിയതിനെതിരേ, കുട്ടന്പുഴ, മാങ്കുളം പഞ്ചായത്തുകളിലെ ഗ്രാമവികസന സമിതികൾ ഹൈക്കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ്.
ഇതിന്റെ ആദ്യപടിയായി മുഖ്യമന്ത്രിയ്ക്കു നിവേദനം നൽകി. മലയോര ഹൈവേയുടെ അലൈൻമെന്റ് മാറ്റിയതിനെ പറ്റിയും പാതയുടെ നിർമാണപ്രവൃത്തികൾ ഫോറസ്റ്റ് ഉദ്യോഗസ്ഥർ തടഞ്ഞതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.