കോട്ടയം: അഭിഭാഷകരും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സിജെഎം) കോടതിയും തമ്മിലുള്ള തര്‍ക്കം ഹൈക്കോടതിയിലേക്ക്. പ്രതി വ്യാജരേഖ ചമച്ച് ജാമ്യം നേടിയ സംഭവത്തില്‍ അഭിഭാഷകന് എം.പി. നവാബിനെതിരേ കേസെടുത്തതില്‍ ബാര്‍ അസോസിയേഷന്റെ കോടതി ബഹിഷ്കരണത്തിനിടെയാണ് വനിതാ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെ അസഭ്യം വിളിച്ചു പ്രതിഷേധിച്ചത്.
സംഭവം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമം നടക്കുന്നുവെങ്കിലും പ്രതിഷേധം അതിരുകടന്നതോടെയാണ് പ്രശ്നം ഹൈക്കോടതിയിലെത്തിയത്. ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും ഹൈക്കോടതി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും പ്രശ്നം വഷളാവാതിരിക്കാന്‍ അസോസിയേഷന് ഭാരവാഹികളും ഉന്നത ജുഡീഷ്യല്‍ ഉദ്യോഗസ്ഥരും ഇന്നലെ ഹൈക്കോടതിയിലെത്തി അനുനയശ്രമം നടന്നു.
കോട്ടയത്തു കഴിഞ്ഞ ദിവസം കോടതി നടപടികള്‍ ബഹിഷ്കരിച്ച് അഭിഭാഷകര്‍ പ്രകടനം നടത്തുകയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ചു സിജെഎം വിവീജ സേതുമോഹന് തയാറാക്കിയ റിപ്പോര്‍ട്ട് ജില്ലാക്കോടതി മുഖേന ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
കോടതിക്കുള്ളില്‍ തന്നെ അസഭ്യം പറഞ്ഞു എന്നതടക്കമുള്ള റിപ്പോര്‍ട്ടാണു സിജെഎം നല്‍കിയതെന്ന് അറിയുന്നു. ഇതേസമയം അഭിഭാഷകര്‍ ഹൈക്കോടതി റജിസ്ട്രാറെ നേരിട്ടുകണ്ടു വിവരം ധരിപ്പിച്ചു. അഭിഭാഷകര്‍ കോടതി നടപടികള്‍ എട്ട് മിനിറ്റ് തടസപ്പെടുത്തിയതായി മജിസ്ട്രേട്ട് ദൈനംദിന റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.പരാതി ലഭിക്കാത്തതിനാല്‍ അഭിഭാഷകര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടില്ല.
ഇന്നലെ ഏറ്റുമാനൂര്‍ കോടതിയും അഭിഭാഷകര്‍ ബഹിഷ്കരിച്ചു. തങ്ങള്‍ക്കെതിരേ സിജെഎം മോശം പരാമര്‍ശങ്ങള്‍ നടത്തുന്നതായാണ് അഭിഭാഷകരുടെ പരാതി. അഭിഭാഷകര്‍ക്കു പിന്തുണ അറിയിച്ച് ജില്ലയിലെ ബാര്‍ അസോസിയേഷനുകള്‍ പ്രകടനവും സമ്മേളനവും നടത്തി. എന്നാല്‍ ബഹിഷ്കരണം അവസാനിപ്പിച്ചതായി കോട്ടയം ബാര്‍ അസോസിയേഷന് പ്രസിഡന്റ് കെ.എ. പ്രസാദ് പറഞ്ഞു.
2013ല്‍ തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ട മണര്‍കാട് സ്വദേശി രമേശന് കരമടച്ച വ്യാജ രസീതുണ്ടാക്കി അഡ്വ. എം.പി. നവാബ് വഴി കോടതിയില്‍നിന്ന് ജാമ്യം നേടി. തുടര്‍ന്ന് അപ്പീല്‍ കോടതി തള്ളിയതോടെ ഇയാള്‍ മുങ്ങി. പിന്നാലെ രണ്ട് ജാമ്യക്കാരെ കോടതി വിളിച്ചുവരുത്തി.
താന്‍ ജാമ്യം നിന്നിട്ടില്ലെന്ന് ഒരു ജാമ്യക്കാരന് അറിയിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണു തട്ടിപ്പ് വ്യക്തമായത്. ഇതോടെ സിജെഎം കോടതിയിലെ ശിരസ്തദാര്‍, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ രമേശനെ ഒന്നാം പ്രതിയാക്കിയും അഡ്വ. എം.പി. നവാബിനെ രണ്ടാം പ്രതിയുമാക്കി കേസെടുക്കുകയായിരുന്നു.
സിജെഎമ്മിനെതിരേയുള്ള അഭിഭാഷകരുടെ നീക്കത്തില്‍ കേരള ജുഡീഷ്യല്‍ ഓഫിസേഴ്സ് അസോസിയേഷന് എക്സിക്യൂട്ടീവ് കൗണ്‍സില്‍ പ്രതിഷേധിച്ചു. അഭിഭാഷകര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചു.
2013ലെ ഒരു കേസില്‍ അഭിഭാഷകന് വ്യാജ ജാമ്യക്കാരനെ ഹാജരാക്കിയെന്നാണ് കേസ്. ഇത്തരം സംഭവങ്ങളില്‍ അഭിഭാഷകരെ പ്രതിയാക്കുന്ന കീഴ്വഴക്കം ഇല്ലെന്നാണ് അഭിഭാഷകരുടെ വാദം.