നടി ജൂഹിചൗളയ്ക്കെതിരേ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. കോടതി വിധിച്ച പിഴ അടയ്ക്കാത്ത ജൂഹി ചൗളയുടെ നിലപാട് ഞെട്ടിക്കുന്നതാണെന്ന് കോടതി പറഞ്ഞു.
ജൂഹി ചൗളയെയും മറ്റു ഹര്‍ജിക്കാരെയും വിമര്‍ശിച്ച കോടതി ഒരാഴ്ചയ്ക്കുള്ളില്‍ 20 ലക്ഷം രൂപ പിഴയായി സമര്‍പ്പിക്കണമെന്നും അല്ലാത്ത പക്ഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
5ജി സാങ്കേതിക വിദ്യ നടപ്പാക്കരുതെന്നു കാട്ടി ബോളിവുഡ് നടി ജൂഹി ചൗളയും രണ്ടു സാമൂഹിക പ്രവര്‍ത്തകരും നല്കിയ ഹര്‍ജി നേരത്തെ തള്ളിയ ഹൈക്കോടതി ജൂഹിയ്ക്ക് 20 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
ഇതിനെതിരേ ജൂഹി ചൗളയും മറ്റു രണ്ടു പേരും നല്കിയ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. പിഴ അടയ്ക്കാത്ത ഹര്‍ജിക്കാരിയുടെ നടപടി ഞെട്ടിക്കുന്നതാണെന്നായിരുന്നു ജസ്റ്റിസ് ജെ ആര് മിധയുടെ പ്രതികരണം.
കോടതി ഫീസ് തിരികെ നല്‍കുക, പിഴ ചുമത്തിയ നടപടി പിന്‍വലിക്കുക, ഹര്‍ജി തള്ളി എന്ന പരാമര്‍ശം ഒഴിവാക്കി നിരസിക്കുക എന്ന വാക്ക് ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുമായാണു വീണ്ടും അപേക്ഷ നല്‍കിയത്.
‘ജൂഹി ചൗളയ്ക്ക് എതിരെ കോടതിയലക്ഷ്യ നോട്ടീസ് അയക്കാതിരിക്കാനുള്ള ദയ കോടതി കാട്ടിയിട്ടുണ്ട്. ഹര്‍ജിക്കാരിയുടെ നടപടി ഞെട്ടിക്കുന്നതാണ്’ ജസ്റ്റിസ് ജെ ആര് മിധ പറഞ്ഞു.
തന്റെ നീതിന്യായ കാലയളവില്‍ കോടതി ഫീസ് അടയ്ക്കാന്‍ തയാറാകാത്ത ഒരാളെ ആദ്യം കാണുകയാണെന്നായിരുന്നും ജസ്റ്റിസ് മിധ വിമര്‍ശിച്ചു.
അപേക്ഷയുമായി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്നു ജൂഹി ചൗളയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മീത് മല്‍ഹോത്ര വ്യക്തമാക്കിയതോടെ ഇതിനു കോടതി അനുമതി നല്കി.
ഹര്‍ജിക്കാര്‍ കോടതിയുടെ സമയം മിനക്കെടുത്തിയെന്നും പ്രശസ്തി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തിയാണ് ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും പറഞ്ഞാണ് ജൂണ്‍ 5നു ഹൈക്കോടതി 20 ലക്ഷം പിഴ അടയ്ക്കാന്‍ നിര്‍ദേശിച്ചത്.