ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തില് ഏര്പ്പെടുമ്പോള് പങ്കാളിയുടെ ജനനത്തീയതി ജുഡീഷ്യല് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ലെന്ന നിരീക്ഷണവുമായി ഡല്ഹി ഹൈക്കോടതി.
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില് പ്രതിയ്ക്ക് ജാമ്യം അനുവദിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
ഉഭയസമ്മതത്തോടെയുള്ള ശാരീരികബന്ധത്തിന് മുന്പ് പങ്കാളിയുടെ പ്രായം അറിയുന്നതിനായി ആധാര് കാര്ഡോ പാന് കാര്ഡോ സ്കൂള് രേഖകളോ പരിശോധിക്കണമെന്നില്ലെന്നാണ് കോടതി പറഞ്ഞത്.
പെണ്കുട്ടി സമര്പ്പിച്ച രേഖകള് പ്രകാരം മൂന്ന് വ്യത്യസ്ത ജനനതീയതികളാണുള്ളതെന്നും കോടതി വ്യക്തമാക്കി.
ആധാര് കാര്ഡില് രേഖപ്പെടുത്തിയിരിക്കുന്ന 01- 01- 1998 എന്ന ജനനതീയതി പ്രകാരം പീഡനം നടന്ന സമയം പെണ്കുട്ടി പ്രായപൂര്ത്തിയായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ജസ്മീത് സിംഗിന്റേതാണ് വിധി.
2019ലും 2021ലും നടന്നതായി ആരോപിക്കപ്പെടുന്ന സംഭവങ്ങള്ക്ക് ഏപ്രിലിലാണ് എഫ്ഐആര് രജിസ്റ്റര് ചെയ്തത്.
ഇത്രയും കാലതാമസമുണ്ടായതിന് പരാതിക്കാര് തൃപ്തികരമായ കാരണങ്ങളൊന്നും ബോധിപ്പിക്കുന്നില്ല. ഇത് ഹണി ട്രാപ്പിംഗ് കേസാണെന്നാണ് പ്രഥമാദൃഷ്ട്യാ മനസിലാകുന്നത്.
2019 മുതല് പ്രതിയുമായി പെണ്കുട്ടിയ്ക്ക് ബന്ധമുണ്ടായിരുന്നു. പ്രതി ബ്ളാക്ക് മെയില് ചെയ്തുവെങ്കില് നേരത്തെതന്നെ പെണ്കുട്ടിയ്ക്ക് പോലീസിനെ സമീപിക്കാമായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് വ്യക്തമായി അന്വേഷിക്കണം. പരാതിക്കാര് സമാനരീതിയില് മറ്റാര്ക്കെങ്കിലും എതിരെ കേസ് നല്കിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി നിര്ദേശിച്ചു.
20,000 രൂപയുടെ ജാമ്യത്തിലാണ് പ്രതിയെ വിട്ടയച്ചത്. കേസുമായി ബന്ധപ്പെട്ട് ആവശ്യമായി വരുമ്പോഴെല്ലാം പോലീസ് സ്റ്റേഷനില് എത്തണമെന്നും കോടതി വ്യക്തമാക്കി.