കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതു സംബന്ധിച്ച അന്വേഷണത്തിലെ സാക്ഷിമൊഴികളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അതിജീവിതയ്ക്കു നല്കാന് ഹൈക്കോടതി ഉത്തരവ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പോലീസ് സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അതിജീവിത നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് കെ. ബാബു പരിഗണിച്ചത്.
സെഷന്‍സ് ജഡ്ജിയുടെ അന്വേഷണം ശരിയായ രീതിയിലല്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ല അന്വേഷണം നടത്തിയതെന്നും അതിജീവിതയ്ക്കുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകന് അഡ്വ. ഗൗരവ് അഗര്‍വാള്‍ കോടതിയെ അറിയിച്ചു. ഇന്‍കാമറ നടപടികളിലൂടെ അന്വേഷണം നടത്തിയെന്നും അന്വേഷണം വേണമെന്നത് മൗലികാവകാശമാണെന്നും അദ്ദേഹം വാദമുന്നയിച്ചു.
മെമ്മറി കാര്‍ഡ് പരിശോധിച്ചതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി നേരത്തേ തീര്‍പ്പാക്കിയതിനാല്‍ പുതിയ ഉപഹര്‍ജി നിലനില്‍ക്കില്ലെന്ന് ദിലീപിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. അതിജീവിതയുടെ ഹര്‍ജിയെ ശക്തമായി എതിര്‍ക്കുകയും എതിര്‍പ്പ് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സെഷന്‍സ് ജഡ്ജി നടത്തിയ അന്വേഷണറിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനാല്‍ ഹര്‍ജിയിലെ ഉദ്ദേശ്യശുദ്ധി സംശയിക്കുന്നെന്നുമായിരുന്നു ദിലീപിന്റെ അഭിഭാഷകന് ഫിലിപ്പ് ടി. വര്‍ഗീസിന്റെ വാദം.
സാക്ഷിമൊഴികളുടെ പകര്‍പ്പ് അതിജീവിതയ്ക്കു നല്കാതിരിക്കാനാകില്ലെന്നു വ്യക്തമാക്കിയ കോടതി, ഹര്‍ജി നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ പിന്നീട് വാദം കേൾക്കാമെന്നു വ്യക്തമാക്കി. ഹര്‍ജി വീണ്ടും മേയ് 30ന് പരിഗണിക്കാന്‍ മാറ്റി. മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് പ്രതിഭാഗത്തിന് സഹായകരമാണ് എന്നതടക്കമുള്ള ആരോപണമുന്നയിച്ചാണ് ഹര്‍ജി. 2018 ജനുവരി ഒമ്പതിന് അങ്കമാലി മജിസ്ട്രേറ്റായിരുന്ന ലീന റഷീദാണു പരിശോധിച്ചത്. 2018 ഡിസംബര്‍ 13 ന് ജില്ലാ സെഷൻസ് കോടതിയിലെ സീനിയർ ക്ലർക്ക് മഹേഷ് മോഹനാണു പരിശോധിച്ചത്.
കോടതിയുടെ അനുമതിയോടെയായിരുന്നു ഇത്. അതിനാല്‍ ഈ രണ്ടു പരിശോധനകളിലും തെറ്റില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 2021 ജൂലൈ 19ന് മെമ്മറി കാര്‍ഡ് പരിശോധിച്ചത് എറണാകുളം സിബിഐ പ്രത്യേക കോടതിയിലെ ശിരസ്തദാര്‍ താജുദ്ദീനാണ്. വിവോ ഫോൺ ഉപയോഗിച്ചു നടത്തിയ ഈ പരിശോധന അനധികൃതമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, നിലവില്‍ തുടര്‍നടപടികള്‍ ആവശ്യമില്ലെന്നും കേസിന്റെ വിചാരണ പൂര്‍ത്തിയായശേഷം തുടര്‍നടപടികള്‍ മതിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നുമാണ് ഹര്‍ജിയിലെ ആരോപണം.