കൊച്ചി: സംസ്ഥാനത്ത് ബിജെപി – ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകത്തിൽ ഹൈക്കോടതി സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം ബിജെപി – ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട ഏഴു കേസുകളുടെ അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ഒരു ജില്ലയിൽ മാത്രം എന്തുകൊണ്ടാണ് ഇത്രയധികം രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നുവെന്ന് ചോദിച്ച കോടതി നിലവിലുള്ള സ്ഥിതി സംബന്ധിച്ച വിശദമായ റിപ്പോർട്ട് ആവശ്യപ്പെടാൻ സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.കുടുംബവഴക്കുകൾ മൂലമുള്ള കൊലപാതകംവരെ രാഷ്ട്രീയമായി ചിത്രീകരിക്കുകയാണെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ മറുപടി നൽകി.
സത്യസന്ധവും ഉൗർജിതവുമായ അന്വേഷണം നടക്കുന്നുണ്ടെന്നും കേസ് സിബിഐക്ക് വിടേണ്ട സാഹചര്യമില്ലെന്നും സർക്കാർ അറിയിച്ചു.അതേസമയം, രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കാൻ തയാറാണെന്നു സിബിഐ ഹൈക്കോടതിയെ അറിയിച്ചു. ഹർജിയിൽ സർക്കാർ ഈ മാസം 25ന് മറുപടി സത്യവാങ്മൂലം സമർപ്പിക്കണം. തലശേരിയിലെ ഗോപാലൻ അടിയോടി വക്കീൽ സ്മാരക ട്രസ്റ്റാണ് പൊതുതാൽപര്യ ഹർജി നൽകിയത്. രാഷ്ട്രീയ കൊലക്കേസുകളിൽ നടക്കുന്ന അന്വേഷണം നിരീക്ഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
2016 ഒക്ടോബർ 12 ന് പിണറായിയിൽ ബിജെപി പ്രവർത്തകനായ രഞ്ജിത്ത് കൊല്ലപ്പെട്ട കേസ്, 2017 ജനുവരി 18 ന് ധർമ്മടം അണ്ടലൂരിൽ ബിജെപി പ്രാദേശിക നേതാവ് സന്തോഷ് കുമാർ കൊല്ലപ്പെട്ട കേസ്, 2016 ജൂലായ് 12ന് ബിഎംഎസ് പ്രാദേശിക നേതാവ് സി.കെ. രാമചന്ദ്രൻ കൊല്ലപ്പെട്ട കേസ്, 2017 മേയ് 12 ന് പയ്യന്നൂരിൽ പാലക്കോട് മുട്ടം പാലത്തിനു സമീപം ആർഎസ്എസ് പ്രവർത്തകൻ ബിജു കൊല്ലപ്പെട്ട കേസ്, 2016 ഡിസംബർ 28 ന് പാലക്കാട് കഞ്ചിക്കോട്ട് വിമലയും രാധാകൃഷ്ണനും കൊല്ലപ്പെട്ട കേസ്, 2017 ഫെബ്രുവരി 18 ന് കൊല്ലം ജില്ലയിലെ കടയ്ക്കലിൽ ബിജെപി പ്രാദേശിക നേതാവും റിട്ട എസ്ഐയുമായ രവീന്ദ്രൻ പിള്ള കൊല ചെയ്യപ്പെട്ട കേസ്, 2017 ജൂലായ് 29 ന് തിരുവനന്തപുരം ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകനായ രാജേഷ് കൊല്ലപ്പെട്ട കേസ് എന്നിവ സിബിഐ അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
ഏഴ് കൊലക്കേസുകളിലും ഭരണ മുന്നണിയിലെ മുഖ്യ കക്ഷിയിൽപെട്ടവരാണു പ്രതികളെന്നു ഹർജിയിൽ പറയുന്നു. രാഷ്ട്രീയ കൊലപാതക പരന്പര സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തിനു ഭീഷണിയാണ്. ഭരിക്കുന്ന പാർട്ടിയിലെ അംഗങ്ങൾ പ്രതികളായ കേസുകളിൽ അന്വേഷണം ശരിയല്ലാത്തതിനാൽ വിചാരണ വേളയിൽ ഇവരെ വെറുതേ വിടുന്ന സ്ഥിതിയുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.