കേരളത്തില്‍ നിന്ന് വിനോദ സഞ്ചാരികള്‍ അകലുന്നുവോ ? വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ കേരളം ഏറെ പിന്നോട്ടു പോയെന്ന് സാമ്പത്തിക സര്‍വേ. രാജ്യത്തിനുള്ളില്‍ നിന്നുള്ള വിനോദ സഞ്ചാരികളും വിദേശത്തു നിന്നു വരുന്ന വിനോദസഞ്ചാരികളും ഏറ്റവും കൂടുതല്‍ എത്തുന്ന ആദ്യത്തെ 5 സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമില്ല.
ആഭ്യന്തര സഞ്ചാരികളെ ആകര്‍ഷിക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍ തമിഴ്നാട്, ഉത്തര്‍ പ്രദേശ്, കര്‍ണാടക, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര എന്നിവയാണ്. രാജ്യത്തിനുള്ളിലെ വിനോദസഞ്ചാരികളില്‍ 65 ശതമാനവും പോകുന്നത് ഈ സംസ്ഥാനങ്ങളിലേക്കാണ്. കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ആദ്യത്തെ 10 സ്ഥാനങ്ങളിലും കേരളമില്ല.
ആദ്യത്തെ 10 സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളും അവിടെ എത്തുന്ന വിനോദസഞ്ചാരികളുടെ ശതമാനവും ഇങ്ങനെയാണ്. തമിഴ്നാട് (20.9) ഉത്തര്‍ പ്രദേശ് (14.2), കര്‍ണാടക (10.9), ആന്ധ്ര പ്രദേശ് (10.0), മഹരാഷ്ട്ര (7.2), തെലങ്കാന (5.2), ബംഗാള്‍ (4.8), മധ്യ പ്രദേശ് (4.7), ഗുജറാത്ത് (2.9), രാജസ്ഥാന് (2.8).
വിദേശത്തു നിന്നുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിലും ആദ്യ 5 സ്ഥാനങ്ങളില്‍ കേരളമില്ല. തമിഴ്നാട്, മഹാരാഷ്ട്ര, യുപി, ഡല്‍ഹി, രാജസ്ഥാന് എന്നിവയാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്. വിദേശത്തു നിന്നുള്ള സഞ്ചാരികളുടെ 67 ശതമാനവും പോകുന്നത് ഈ സംസ്ഥാനങ്ങളിലേക്കാണ്.
കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയ കണക്കു പ്രകാരം വിദേശ വിനോദ സഞ്ചാരികളുടെ കാര്യത്തില്‍ കേരളത്തിന്റെ സ്ഥാനം ഏഴാമതാണ്. ആദ്യ 10 സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങളും അവിടെ എത്തുന്ന വിനോദസഞ്ചാരികളുടെ ശതമാനവും: മഹാരാഷ്ട്ര (18.9) തമിഴ്നാട് (18.1), യുപി (13.2), ഡല്‍ഹി (10.2), രാജസ്ഥാന് (6), ബംഗാള്‍ (5.9), പഞ്ചാബ് (4.1), കേരളം (4.1), ബിഹാര്‍ (4), ഗോവ (3.1).