ചക്ക സംസ്ഥാന ഫലമായതിനു പിന്നാലെ ചക്കക്കുരുവിനും നല്ല കാലം വന്നിരിക്കുന്നു. ഗ്രാമങ്ങളില്‍ അല്പം വില കുറയുമെങ്കിലും കോട്ടയം നഗരത്തില്‍ 80 രൂപയ്ക്കും മുകളിലുമാണു ചക്കക്കുരുവിന്റെ കച്ചവടം. കൊച്ചി പോലുള്ള സ്ഥലങ്ങളില്‍ ഇതിലും കൂടു. ഐറ്റം കിട്ടാത്ത കുറവേയുള്ളു, വാങ്ങാന്‍ ഏറെപ്പേര്‍ കടകളിലെത്തുന്നു.
കോട്ടയത്തെ ചില പച്ചക്കറി കടകളില്‍ കിലോയ്ക്ക് 100നും 120നും വരെ ചക്കക്കുരു വില്പനയ്ക്കുണ്ട്. നാട്ടിന്പുറത്തുകാര് എത്തിക്കുന്ന ചക്കക്കുരു വാങ്ങിവച്ചാലുടന്‍ വിറ്റുപോകുന്നു. തോരനും മെഴുക്കുപുരട്ടിയും ചാറുമൊക്കെയായി കറിയിനങ്ങള്‍ വയ്ക്കാന്‍ താത്പര്യപ്പെടുന്നവര്‍ കടകളില്‍ മുന്‍കൂര്‍ ഓര്‍ഡറും നല്കിവരുന്നു. മാങ്ങയും മുരിങ്ങക്കയും കൂട്ടി വയ്ക്കുന്ന ചക്കക്കുരു കറി തലമുറകളുടെ രുചിവിശേഷമാണ്.
നാട്ടിന്‍പുറങ്ങളില്‍ കര്‍ഷകരുടെ ഓപ്പണ്‍ മാര്‍ക്കറ്റുകളില്‍ ചക്കയും കുരുവും വില്പനയ്ക്കുണ്ട്. അടര്‍ത്തിയ ചക്കച്ചുള കിലോയ്ക്ക് 50 രൂപയ്ക്കാണ് വില്പന. ഓപ്പണ്‍ മാര്‍ക്കറ്റുകളില്‍ ചക്കക്കുരു 30 രൂപ മുതല്‍ 40 രൂപയ്ക്കുവരെ വാങ്ങാം. രുചിയില്‍ മാത്രമല്ല പോഷകഗുണത്തിലും കുരുവിന്റെ മേന്മ അറിഞ്ഞതോടെ ചക്കയെ മറന്നവരും ഇതിലേക്കു തിരിച്ചുവരുന്നു. പ്രമേഹം മുതല്‍ കാന്‍സര്‍ വരെ രോഗികള്‍ക്ക് പ്രതിരോധവും ഔഷധവുമാണ് ചക്കയെന്ന തിരിച്ചറിവാണ് ഏറെപ്പേരുടെയും കാഴ്ച്ചപ്പാടു മാറ്റിയത്.
നാട്ടിന്‍പുറങ്ങളില്‍നിന്ന് ഇടിച്ചക്ക വന്‍തോതില്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു കയറിപ്പോകുന്നുണ്ട്. മരം കയറ്റക്കാര്ക്കൊപ്പം എത്തി വ്യാപാരികള്‍ ഗ്രാമങ്ങള്‍ കയറിയിറങ്ങി ഇടിച്ചക്കയും ചക്കയും സംഭരിക്കുന്നു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്ക് ദിവസവും ലോഡ് കണക്കിന് ചക്ക ജില്ലയില്‍നിന്നു കയറ്റി അയയ്ക്കുന്നു. അടുത്ത മാസം മുതല്‍ ചക്കപ്പഴത്തിനും പ്രിയമേറും.