പയ്യന്നൂര്‍: ഹൈറിച്ചിന്റെയും ഡയറക്ടര്‍മാരുടെയും സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള ഉത്തരവിനെ തുടര്‍ന്ന് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. തൃശൂര്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ചുമതലയുള്ള കളക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് ആദ്യഘട്ട നടപടിയായി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.
മണിചെയിന്‍ മാതൃകയില്‍ നിക്ഷേപം സ്വീകരിക്കുന്നതു ചൂണ്ടിക്കാട്ടി വടകരയിലെ പി.എ. വത്സന് നല്കിയ പരാതിയിന്മേല് കോടതി നിര്‍ദേശ പ്രകാരം കേസെടുത്ത തൃശൂര്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷന് എസ്ഐ പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ജനങ്ങള്‍ക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചെന്നും നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാതെ വഞ്ചനാക്കുറ്റം ചെയ്തെന്നും ബോധ്യപ്പെട്ടതായി റിപ്പോർട്ടിലുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ആറാട്ടുപുഴയില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന്റെയും ഉടമകളുടെയും പേരിലുള്ള സ്വത്തുക്കള്‍ താത്കാലികമായി ജപ്തി ചെയ്യാന്‍ ഉത്തരവാകുന്നുവെന്നാണ് ജില്ലാ കളക്ടറുടെ കുറിപ്പിലുള്ളത്.
പ്രതികളുടെ പേരിലുള്ള എല്ലാ വാഹനങ്ങളുടെയും പട്ടിക തയാറാക്കി ഉടന്‍ കൈമാറണമെന്നും എല്ലാ ധനകാര്യ സ്ഥാപനങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും മരവിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.
ബഡ്സ് ആക്ട് -2019 പ്രകാരമുള്ള ഉത്തരവ് നടപ്പാക്കുന്നതിന് ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന് ഓഫീസര്‍, തൃശൂര്‍ സിറ്റി-റൂറല്‍ പോലീസ് മേധാവികള്‍ എന്നിവര്‍ മേല്‍നോട്ടം വഹിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഈ ഉത്തരവിനെ തുടര്‍ന്ന് ഇന്നലെ രാത്രി ഒന്‍പതോടെ ഹൈറിച്ചിന്റെ പേരിലും ഉടമകളുടെ പേരിലുമുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചതായാണ് വിവരം.
പയ്യന്നൂര്‍: ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയുണ്ടാക്കി സര്‍ക്കാരിനെയും ജനങ്ങളെയും കബളിപ്പിക്കുന്നതായുള്ള വാര്‍ത്ത ആദ്യം പുറത്തുകൊണ്ടുന്നത് രാഷ്ട്രദീപിക. നേരത്തെ രാജന് സി. നായര്‍ നല്കിയ പരാതിയെ തുടര്‍ന്നുള്ള രാഷ്ട്രദീപികയുടെ അന്വേഷണത്തിലൂടെയാണ് വാര്‍ത്ത പുറത്തെത്തിച്ചത്.
ഇതേതുടര്‍ന്നുണ്ടായ നിരവധി ഭീഷണികള്‍ക്ക് വഴങ്ങാതെയാണ് കമ്പനിയുടെ വാദങ്ങളെ ഖണ്ഡിച്ചുള്ള തുടരെത്തുടരെയുള്ള നാലു വാര്‍ത്തകള്‍ രാഷ്ട്രദീപികയിൽ പ്രസിദ്ധീകരിച്ചത്.
രാജന് സി. നായരുടെ പരാതിയിലും സമാനരീതിയിലുള്ള പൊതുപ്രവര്‍ത്തകനായ കെ.പി. മുരളീധരന്റെ പരാതിയിലും അന്വേഷണം നടക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സമ്പദ്ഘടനയെ തകര്‍ക്കുന്ന കുറ്റത്തിനെതിരേ സ്വീകരിക്കേണ്ട ഊര്‍ജസ്വലത കാണുന്നില്ലായിരുന്നു.
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയുണ്ടാക്കി സര്‍ക്കാരിനെയും ജനങ്ങളെയും കബളിപ്പിക്കുന്നതായുള്ള പരാതികളിലെ ഗൗരവം അധികൃതര്‍ ആദ്യം കണ്ടില്ലെന്നു നടിച്ചു. കഴിഞ്ഞ ജനുവരി 22ന് ഹൈറിച്ച് കമ്പനിക്കെതിരേ സുല്‍ത്താന്‍ ബത്തേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം പത്ത്മാസം കഴിഞ്ഞിട്ടും എങ്ങുമെത്താത്ത സാഹചര്യവുമുണ്ട്.
ചില ഉന്നത സര്‍ക്കാരുദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളുമുള്‍പ്പെടെ ഇത്തരം തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുന്നതാണ് അന്വേഷണങ്ങള്‍ക്ക് തടയിടുന്നതെന്ന ആരോപണങ്ങളും പുറത്തു വരുന്നിരുന്നു. അതിനിടയിലാണ് നികുതിവെട്ടിപ്പിന് കമ്പനിയുടെ രണ്ട് ഓഹരിയുടമകളിലെ പ്രധാനി അറസ്റ്റിലായതും കമ്പനിയുടെയും ഉടമകളുടെയും സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടിയുണ്ടായതും.