ഹൗ മെനി കിലോമീറ്റേഴ്സ് ഫ്രം വാഷിംഗ്ടൻ ഡിസി ടു മിയാമി ബീച്ച് എന്നത് ഒരു പ്രശസ്തമായ ചോദ്യമാണ്. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിലെ ആ ചോദ്യവും ഉത്തരങ്ങളും പ്രേക്ഷകരെ ചിരിപ്പിച്ചതിനു കണക്കില്ല. പുതിയൊരു ചോദ്യത്തിലേക്കു വരാം. വിർജീനിയ ബീച്ചിൽനിന്ന് സ്പെയിനിലേക്ക് എത്ര കിലോമീറ്റർ കാണും? ഏതാണ്ട് 6600 കിലോമീറ്റർ വരും. അത്രയും ദൂരം കടലിനടിയിലൂടെ ഒരു കേബിൾ വലിച്ചാൽ എന്തുണ്ടാകും?
സിനിമയിൽ പറയുന്നതുപോലുള്ള തമാശയല്ല. വിർജീനിയ ബീച്ചിൽനിന്ന് സ്പെയിനിലെ ബിൽബാവോ എന്ന സ്ഥലത്തേക്ക് കടലിനടിയിലൂടെ കേബിളിടുന്ന ജോലി പുരോഗമിക്കുകയാണ്. ലക്ഷ്യം വിവരവിനിമയംതന്നെയാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. മാരീ എന്നു പേരിട്ടിരിക്കുന്ന ഈ സംരംഭം സംയുക്തമായി യാഥാർഥ്യമാക്കുന്നത് മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ടെലികോം സ്ഥാപനമായ ടെൽക്സ്യൂസ് എന്നിവ ചേർന്നാണ്. അടുത്ത കൊല്ലത്തോടെ ഇതിന്റെ പ്രവർത്തനം ആരംഭിക്കും.
ഇന്റർനെറ്റിന്റെ പ്രവർത്തനത്തിന് കടലിനടിയിലൂടെയുള്ള ഇത്തരം കേബിളുകൾ സുപ്രധാനമാണ്. കേബിളുകൾ മുറിയുന്നത് പലപ്പോഴും ഇന്റർനെറ്റ് ബന്ധം മുറിയാനും ഇടയാക്കാറുണ്ട്. ഇത്തരത്തിൽ അറ്റ്ലാന്റിക് സമുദ്രത്തിനടിയിൽ നിലവിലുള്ള കേബിളുകളേക്കാൾ വന്പൻ ശേഷിയുള്ളതാണ് മാരീ. ഒരേസമയം 7.10 കോടി എച്ച്ഡി വീഡിയോകൾ സ്ട്രീം ചെയ്യാൻ ഇതിനു കഴിയും. ഒരു സെക്കൻഡിൽ 160 ടെറാബൈറ്റ് ഡാറ്റ കൈമാറ്റം ചെയ്യാനാകുമെന്നാണ് കണക്ക്.
കേബിളുകൾ കടലിൽ സ്ഥാപിക്കുന്നത് എളുപ്പത്തിൽ തീർക്കാവുന്ന ജോലിയല്ല. പുതിയ സംരംഭത്തെക്കുറിച്ച് മൈക്രോസോഫ്റ്റ് വിശദീകരിക്കുന്നതു കേൾക്കുക:
“ശരാശരി 11,000 അടി ആഴത്തിലാണ് കേബിൾ സ്ഥാപിക്കുന്നത്. സജീവമായിരിക്കുന്ന അഗ്നിപർവതങ്ങൾ, ഭൂകന്പ സാധ്യത എന്നീ ഭീഷണികൾ മറികടന്നാണ് ജോലി. സാധാരണ ഗാർഡൻ ഹോസിന്റെ ഒന്നര ഇരട്ടി വണ്ണമുള്ളതാണ് കേബിൾ. എട്ട് പെയർ ഫൈബർ ഓപ്റ്റിക് കേബിളുകളാണ് ഇതിലുണ്ടാവുക. ഓരോന്നിനും ചെന്പ്, കടുപ്പമുള്ള പ്ലാസ്റ്റിക് എന്നീ കവചങ്ങളും വാട്ടർപ്രൂഫ് കോട്ടിംഗും ഉണ്ടാകും’.
തീരങ്ങളോടു ചേർന്ന ഭാഗങ്ങളിൽ കേബിൾ ഭൂമിയിൽ കുഴിച്ചിടുകയാണ് ചെയ്യുന്നത്. മീൻപിടുത്തക്കാരുടെയും മറ്റുമുള്ള ബോട്ടുകൾമൂലം കേബിൾ കേടാകുന്നതു തടയാനാണിത്. ബാക്കി എല്ലായിടങ്ങളിലും കടലിന്റെ അടിത്തട്ടിലാണ് കേബിൾ കിടക്കുക.
ലോകത്തെ ഏറ്റവും വലിയ സമുദ്രാന്തർ കേബിൾ ശൃംഖലയായി കണക്കാക്കുന്നത് ഖത്തറിലെ ഉദീരു ടെലികോം കന്പനിയുടേതാണ്. ഏതാണ്ട് 25,000 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ആ പദ്ധതി. ലോകത്തെ പതിനഞ്ചിലേറെ കന്പനികളുമായി സഹകരിച്ചാണ് ഇതിന്റെ നിർമാണം നടത്തിയത്.
-വി.ആർ.