കടുത്തുരുത്തി: ജനങ്ങളുടെ ഉറക്കം കെടുത്തി തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് റെയിൽപാതയുടെ സ്ഥലം ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി അടയാളപ്പെടുത്തൽ തുടങ്ങി. കോട്ടയം ജില്ലയിൽ മുളക്കുളത്തുനിന്നുമാണ് പാത ആരംഭിക്കുന്നത്. മുളക്കുളം കളന്പൂർ പാലത്തിലും മുളക്കുളം അന്പലപ്പടിക്ക് സമീപം മുളക്കുളം-വെള്ളൂർ റോഡിലും കുന്നപ്പിള്ളിയിലുമാണ് മാർക്കിംഗ് നടത്തിയതായി ശ്രദ്ധയിൽപെട്ടിരിക്കുന്നത്.
ഇവിടെനിന്നും കടുത്തുരുത്തി വഴിയാണ് പാത കടന്നു പോവുന്നത്. കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷനാണ് (കെആർഡിസി) നിർമാണ ചുമതല. ഓരോ അഞ്ച് കിലോ മീറ്റർ ദൂരത്തുമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. റെയിൽ പാതയ്ക്കായി 25 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നതായി പറഞ്ഞു കേൾക്കുന്നത്.
ഇതുകൂടാതെ രണ്ട് ഭാഗങ്ങളിലേക്കുമായി 15 മീറ്റർ സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്താനും പാടില്ലെന്നാണ് നിയമമെന്ന് അറിയുന്നു. ഇങ്ങനെയാണെങ്കിൽ 55 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കേണ്ടതായി വരും. ഇതോടെ ആയിരകണക്കിനാളുകളുടെ സ്ഥലമാണ് ഇതിനാവിശ്യമായി വരിക. മണിക്കൂറിൽ 100 മുതൽ 200 കിലോമീറ്റർ വേഗതയിലാണ് സെമി ഹൈസ്പീഡ് ട്രെയിൻ കടന്നു പോവുക. കാസർകോഡ് മുതൽ തിരുവനന്തപുരം കൊച്ചുവേളി വരെ 10 സ്റ്റോപ്പുകളാണുള്ളത്.
കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുളത്. കാസർകോട് നിന്നു തിരുവനന്തപുരം വരെ 531.5 കിലോമീറ്ററാണ് ദൂരം. ഇതു സഞ്ചരിക്കാൻ മൂന്ന് മണിക്കൂർ 52 സെക്കന്റാണ്. ഇതിന്റെ നിർമാണത്തിനായി 66,079 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 10 ശതമാനം കേന്ദ്ര സർക്കാരും 10 ശതമാനം കേരള സർക്കാരും 80 ശതമാനം ജപ്പാന്റെ സഹായവുമാണ്.
2024 ഓടെ പാതയുടെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നേരത്തേ, അതിവേഗ റെയിൽപാതയ്ക്കു സ്ഥലം ഏറ്റെടുക്കുന്നതിനായി മാർക്ക് ചെയ്തിരുന്നത് കീഴൂർ, വാലച്ചിറ, മള്ളിയൂർ വഴിയായിരുന്നു. എച്ച്ആർസിയുടെ നേതൃത്വത്തിൽ അതിവേഗ റെയിൽവേയ്ക്കായി കാരിക്കോട്, വെള്ളൂർ പോലീസ് സ്റ്റേഷൻ, കീഴൂർ, വാലാച്ചിറ, മള്ളിയൂർ ക്ഷേത്രം, കടുത്തുരുത്തി പള്ളി എന്നിവിടങ്ങളിലൂടെ സ്ഥലം മാർക്കിംഗ് നടത്തിയിരുന്നു. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നതോടെ സർക്കാർ ഈ പദ്ധതി
ഉപേക്ഷിക്കുകയായിരുന്നു.