കായംകുളം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കായംകുളം ടൗൺ ബ്രാഞ്ചിന്റെ ഓട്ടോമാറ്റിക് ഡിപ്പോസിറ്റ് കം വിത്ഡ്രോവൽ മെഷീനിൽ നിന്നു കൃത്രിമം കാട്ടി രണ്ടു ലക്ഷം കവർന്ന കേസിൽ ഹരിയാന സ്വദേശി അറസ്റ്റിൽ.
ഹരിയാന പാനിപ്പത്ത് ജില്ലയിൽ ക്യാപ്റ്റൻ നഗർ വില്ലേജിൽ 152/11-ാം നമ്പർ വീട്ടിൽ സൊഹൈൽ (30) ആണ് കായംകുളം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 7 വരെ പലതവണകളായി വിവിധ ബാങ്കുകളുടെ എടിഎം കാർഡുകൾ ഉപയോഗിച്ച് കൃത്രിമം നടത്തിയാണ് രണ്ടു ലക്ഷത്തി പതിനേഴായിരം രൂപ അപഹരിച്ചതെന്ന് പോലീസ് പറഞ്ഞു.
എടിഎം കാർഡ് ഉപയോഗിച്ച് മെഷീനിൽനിന്ന് പണം പിൻവലിക്കുമ്പോൾ മെഷീന്റെ ഡിസ്പെൻസർ ഭാഗം കൈ കൊണ്ട് അമർത്തിപ്പിടിച്ച് കൃത്രിമം നടത്തി, ട്രാൻസാക്ഷൻ ഒഴിവാക്കി പണം അപഹരിച്ചെടുക്കുകയാണ് ഇയാളുടെ തട്ടിപ്പുരീതിയെന്ന് പോലീസ് പറഞ്ഞു.
പിന്നീട് ട്രാൻസാക്ഷൻ ഫെയിൽ ആയതിന്റെ നഷ്ടപരിഹാരമായി 6100 രൂപ ഇയാൾ ബാങ്കിൽനിന്നു കൈപ്പറ്റുകയും ചെയ്തു. ഇത്തരത്തിൽ രണ്ടുലക്ഷത്തി ഇരുപത്തി മൂവായിരത്തി ഒരുനൂറ് രൂപയാണ് ഇയാൾ അപഹരിച്ചെടുത്തത്.
ഇയാളുടെ വീഡിയോ ദൃശ്യങ്ങളുടെ സ്ക്രീൻ ഷോട്ടെടുത്താണ് അന്വേഷിച്ചത്.ഒക്ടോബർ 10ന് ഇയാൾ കായംകുളം വിട്ടതായി കണ്ടെത്തി.
സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷനുകൾ തുടർച്ചയായി പരിശോധിച്ച്, അന്വേഷണ സംഘം മുംബൈയിലെത്തുകയും തുടർന്ന് മൊബൈൽ ടവർ ലൊക്കേഷനുകൾ പിന്തുടർന്ന് ഡൽഹി, പഞ്ചാബിലെ ഭട്ടിൻഡ, രാജസ്ഥാനിലെ ശ്രീഗംഗാനഗർ എന്നിവിടങ്ങളിലും അന്വേഷണം നടത്തി.
ഒടുവിൽ രാജസ്ഥാനിലെ ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിക്കു സമീപമുള്ള ഗജ് സിംഗ്പുർ എന്ന സ്ഥലത്തുനിന്നുമാണ് ഇയാളെ പിടികൂടിയത്.
തുടർന്ന് കായംകുളം പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ഇയാൾ താമസിച്ചു വന്നിരുന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയും അവിടെനിന്നും 13 എടി എം കാർഡുകളും പാൻകാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയും കണ്ടെടുത്തു.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശാനുസരണം കായംകുളം ഡിവൈഎസ്പി അജയ്നാഥ്, സിഐ മുഹമ്മദ് ഷാഫി എന്നിവരുടെ മേൽനോട്ടത്തിൽ കായംകുളം എസ്ഐ ഉദയകുമാർ വി, പോലീസുദ്യോഗസ്ഥരായ സുധീഷ്.എസ്, ഷാജഹാൻ കെ.ഇ, ദീപക്. ജി, അനീഷ് കുമാർ.ജി എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ കണ്ടെത്തി രാജസ്ഥാനിൽനിന്നു അറസ്റ്റ് ചെയ്തത്.