ബംഗളൂരു; സാധാരണക്കാര്‍ ഏറ്റവും അധികം ആശ്രയിക്കുന്ന വാഹനമാണ് ഓട്ടോറിക്ഷ. മിതമായ നിരക്കേ ഓട്ടോ യാത്രകള്‍ക്കാകുന്നുള്ളൂ എന്നതാണ് അതിന്‍റെ കാരണവും. നഗരങ്ങളിൽ മഴക്കാലത്ത് ട്രാഫിക്കും കടന്ന് യാത്ര ചെയ്യാന്‍ ആളുകള്‍ ഓട്ടോറിക്ഷയെ ആശ്രയിക്കാറുണ്ട്.
എന്നാല്‍ വെറും അരകിലോമീറ്റര്‍ മാത്രം ഓട്ടോയില്‍ സഞ്ചരിച്ചതിന് ബംഗളൂരുവില്‍ യാത്രാക്കാരന്‍റെ കൈയ്യില്‍ നിന്നും ഈടാക്കിയത് 100 രൂപയാണ്. ബംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് കമ്പിനിയിലെ സിഇഒ ആയ മന്ദര്‍ നടേക്കര്‍ക്കാണ് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായത്.
500 മീറ്റര്‍ യാത്രയ്ക്ക് താന്‍ നല്‍കിയത് 100 രൂപയാണെന്നും മുംബൈയില്‍ 100 രൂപയ്ക്ക് ഒന്‍പത് കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നും മന്ദര്‍ പറഞ്ഞു.
ബംഗളുരുവിലെ ഏറ്റവും വലിയ അലങ്കാര വസ്തു ഈ ഫോട്ടായിലൂടെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുമെന്നും താന്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും വിലപിടിപ്പുള്ള സാധനമാണിത് എന്ന അടിക്കുറുപ്പോടു കൂടിയുമാണ് മന്ദർ ഫോട്ടോ ട്വിറ്ററിൽ പങ്കുവെച്ചത്.
അതേസമയം, സമാന അനുഭവമുണ്ടായവരും രംഗത്തെത്തി. 100 രൂപ നല്‍കേണ്ടിവന്ന നിങ്ങള്‍ ഭാഗ്യവാനാണെന്നും, 400 മീറ്റര്‍ മാത്രം സഞ്ചരിച്ചതിന് 150 രൂപയാണ് തന്‍റെ കൈയ്യിൽ നിന്നും വാങ്ങിയതെന്നുമുള്ള കമന്‍റുകൾ പിന്നാലെ പോസ്റ്റിന് താഴെ വന്നു.