കൊച്ചി: ചാരിറ്റി ഇടപാടുകളിലെ ക്രൗഡ് ഫണ്ടിംഗിൽ സർക്കാർ നിയന്ത്രണം വേണമെന്ന് ഹൈക്കോടതി. ക്രൗഡ് ഫണ്ടിംഗിന് പണം എവിടെ നിന്ന് വരുന്നുവെന്ന് എന്ന് പരിശോധന വേണം.
സംസ്ഥാന പോലീസ് ഇതിൽ ഇടപെടണമെന്നും ഹൈക്കോടതി നിർദേശിച്ചു. മലപ്പുറത്ത് അപൂർവ രോഗം ബാധിച്ച കുട്ടിക്ക് സർക്കാർ സൗജന്യ ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് പരാമർശം.
യൂട്യൂബർമാർ എന്തിനാണ് സ്വന്തം അക്കൗണ്ടിൽ പണം വാങ്ങുന്നത് എന്നും ഹൈക്കോടതി ചോദിച്ചു. ആർക്കും എങ്ങനെയും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല.
പണം നൽകുന്നവർ പറ്റിക്കപ്പെടാനും പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പിരിച്ച പണം അധികമായതിനെക്കുറിച്ച് അടിപിടിപോലും ഉണ്ടാകുന്നു. ഇത്തരം പണപ്പിരിവിൽ സംസ്ഥാനത്തിന് കർശന നിയന്ത്രണം ഉണ്ടാവണം എന്ന് കോടതി വ്യക്തമാക്കി.
കോടതി ക്രൗഡ് ഫണ്ടിംഗിന് എതിരല്ല. സത്യസന്ധമായ സോഴ്സിൽ നിന്ന് അർഹരായ കുട്ടികൾക്ക് പണം വരുന്നത് തടയാനും പാടില്ല. സർക്കാരിന് ഇക്കാര്യത്തിൽ സമഗ്രമായ നയരൂപീകരണം വേണമെന്നും ഹൈക്കോടതി നിർദേശിച്ചു.