കൊച്ചി: ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിക്കുമ്പോള്‍ മത്സ്യബന്ധന ബോട്ടില്‍ തന്റെ 14 വയസുള്ള മകന് പ്രിജിനുമുണ്ടായിരുന്നെന്നും സംഭവത്തെത്തുടര്‍ന്നുള്ള മാനസികാഘാതം നിമിത്തം പ്രിജിന് പിന്നീട് ആത്മഹത്യ ചെയ്തെന്നും വ്യക്തമാക്കി നഷ്ടപരിഹാരം തേടി ഹൈക്കോടതിയില്‍ ഹര്‍ജി.
പ്രിജിന്റെ അമ്മ കന്യാകുമാരി കഞ്ചംപുരം സുനാമി കോളനിയില്‍ മേരി മാര്‍ഗരറ്റ് ആണു ഹര്‍ജി നല്‍കിയത്. കേന്ദ്രസര്‍ക്കാരിനോടു വിശദീകരണം തേടിയ ജസ്റ്റീസ് പി.ബി. സുരേഷ്കുമാര്‍ ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി.
കഴിഞ്ഞ 2012 ഫെബ്രുവരി 15 നാണ് സെന്റ് ആന്റണീസ് എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളായ കൊല്ലം സ്വദേശി വാലന്റൈന്‍ ജലസ്റ്റിന്‍, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവര്‍ വെടിയേറ്റു മരിച്ചത്.
സംഭവത്തിൽ ഇറ്റാലിയന്‍ നാവികരായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
സംഭവം നടക്കുമ്പോള്‍ പ്രിജിന് ബോട്ടിലുണ്ടായിരുന്നെന്നും പ്രായപൂര്‍ത്തിയാകാത്ത പ്രിജിനെ മത്സ്യബന്ധനത്തിനു കൊണ്ടുപോയതു ബാലവേല നിരോധന നിയമപ്രകാരമുള്ള കേസിനിടയാക്കുമെന്നു ഭയന്നു ബോട്ടുടമ മറച്ചുവച്ചെന്നും ഹര്‍ജിക്കാരി ആരോപിക്കുന്നു.
പ്രിജിന് കൗണ്‍സലിംഗോ നഷ്ടപരിഹാരമോ ലഭിച്ചില്ല. മാനസികാഘാതം മൂലമാണു പ്രിജിന് ആത്മഹത്യ ചെയ്തത്.
പ്രിജിന് ബോട്ടിലുണ്ടായിരുന്നെന്നു തെളിയിക്കാന്‍ ഒപ്പമുണ്ടായിരുന്ന എട്ടു മത്സ്യത്തൊഴിലാളികളുടെ സത്യപ്രസ്താവനയും ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്.