പത്തനംതിട്ട: നഗരത്തില്‍ റിംഗ് റോഡിനായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വാഹനങ്ങള്‍ ജപ്തി ചെയ്യുന്നതിനിടെ, നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവെത്തി.
റോഡിനു വേണ്ടി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നല്കുന്നതില് വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ജില്ലാകളക്ടറുടേത് അടക്കം 23 സര്‍ക്കാര്‍ വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ പത്തനംതിട്ട സബ് കോടതി ഉത്തരവിട്ടിരുന്നത്.
1.14 കോടി രൂപയാണ് സ്ഥലമുടമയ്ക്ക് ലഭിക്കേണ്ടത്. പണം നല്കാന് നടപടി ഇല്ലാതെ വന്നതോടെയാണ് കഴിഞ്ഞയാഴ്ച കോടതി ജപ്തി ഉത്തരവ് നല്‍കിയത്.
1,14,16,092 രൂപയ്ക്കു തത്തുല്യമായ വാഹനങ്ങള്‍ കണ്ടെത്തി ജപ്്തി ചെയ്യാനായിരുന്നു ഉത്തരവ്.
മൂന്ന് വാഹനങ്ങളില്‍ ബുധനാഴ്ച രാവിലെ ജപ്തി ചെയ്തു നോട്ടീസ് പതിച്ചിരുന്നു. മറ്റ് വാഹനങ്ങള്‍ കണ്ടെത്താന്‍ കോടതി ജീവനക്കാര്‍ ശ്രമിക്കുന്നതിനിടെയാണ്, നടപടി സ്റ്റേ ചെയ്തു കൊണ്ടുളള ഹൈക്കോടതി ഉത്തരവ് എത്തിയത്.
സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒരു മാസത്തേയ്ക്കാണ് ജപ്തി തടഞ്ഞത്. 10 ലക്ഷം രൂപ ഉടന്‍ കെട്ടിവയ്ക്കാനും ജില്ലാ ഭരണകൂടത്തിനു നിര്‍ദ്ദേശമുണ്ട്.