നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നല്കിയ ഹര്‍ജിയില്‍ പ്രതി സ്ഥാനത്തുള്ള ദിലീപിനെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി.
അതിക്രമത്തിനിരയായ നടിയുടെ എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതിയുടെ നടപടി. ദിലീപിനെ കക്ഷി ചേര്‍ക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിനെന്ന് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ചോദിച്ചു.
ഹര്‍ജിയിലെ വിചാരണക്കോടതിക്കെതിരായ പരാമര്‍ശങ്ങളെ കോടതി വിമര്‍ശിച്ചു. എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജഡ്ജിക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതെന്ന് കോടതി ആരാഞ്ഞു.
ജഡ്ജിക്കെതിരെ അടിസ്ഥാനമില്ലാതെ ആക്ഷേപം ഉന്നയിച്ചാല്‍ നടപടി നേരിടേണ്ടിവരുമെന്ന് കോടതി പറഞ്ഞു.
പ്രോസിക്യൂഷന് നല്കിയ വിവരങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്ന് നടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു.
പ്രോസിക്യൂഷന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയാണോയെന്ന ചോദ്യത്തോടെയാണ് കോടതി ഇതിനെ നേരിട്ടത്.
തുടരന്വേഷണം പൂര്‍ത്തിയാക്കി സമര്‍പ്പിക്കുന്ന അനുബന്ധ കുറ്റപത്രത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹര്‍ജി പിന്‍വലിക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാമെന്ന് നടി കോടതിയെ അറിയിച്ചു. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.