നിലവില് വിവാഹിതനാണെന്ന കാര്യം വെളിപ്പെടുത്താതെ കാമുകിയെ വിട്ടുകിട്ടാന് ഹേബിയസ് കോര്പസ് ഹര്ജി നല്കിയ യുവാവിന് ഹൈക്കോടതിയുടെ പിഴ.
തിരുവനന്തപുരം കാട്ടാക്കട സ്വദേശി എച്ച് ഷമീറിനാണ് ഹൈക്കോടതി 25000 രൂപ പിഴ ചുമത്തിയത്. വീട്ടുകാര് തടവിലാക്കിയ കാമുകിയെ വിട്ടു കിട്ടാനായിരുന്നു ഹര്ജി.
ജസ്റ്റിസ് അലക്സാണ്ടര് തോമസ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഹേബിയസ് കോര്പ്പസ് ഹര്ജി പരിഗണിക്കവെയാണ് വിവാഹിതനാണെന്നത് മറച്ചുവച്ചതിന് പിഴ ചുമത്തിയത്.
ഷമീറിന്റെ കാമുകിയായ നെയ്യാറ്റിന്കര സ്വദേശി അഞ്ജനയെ വീട്ടുകാര് തടവിലാക്കിയിരിക്കുകയാണെന്നും അവളെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്ജി.
കോടതിയില് ഹര്ജി പരിഗണിച്ച ശേഷമാണ് താന് സ്പെഷ്യല് മാരേജ് ആക്ട് പ്രകാരം അശ്വതി എന്ന യുവതിയെ വിവാഹം ചെയ്തിരുന്നുവെന്നും ഇവര് നല്കിയ വിവാഹമോചന ഹര്ജിയില് കുടുംബ കോടതിയില് നടപടികള് പുരോഗമിക്കുകയാണെന്നും ഷമീര് അറിയിച്ചത്.
താന് വിവാഹമോചനത്തിനുള്ള സമ്മതം അറിയിച്ചതായും വിവാഹ മോചനം അനുവദിച്ചുകൊണ്ടുള്ള വിധി ഉടന് ഉണ്ടാകുമെന്നും ഇയാള് കോടതിയെ അറിയിച്ചു.
എന്നാല് ഹര്ജിയില് ഇക്കാര്യം മറച്ചുവച്ചു എന്ന് നിരീക്ഷിച്ച കോടതി ഷമീറിന് പിഴ ചുമത്തുകയായിരുന്നു. മാത്രമല്ല, വിവരങ്ങള് മറച്ചുവച്ചതിന് കടുത്ത അതൃപ്തിയും രേഖപ്പെടുത്തി.
ഇതോടെ കോടതിയോട് മാപ്പുചോദിച്ച ഷമീര് പിഴയടയ്ക്കാമെന്ന് അറിയിച്ചു. ഹൈക്കോടതിയുടെ ഭാഗമായ മീഡിയേഷന് സെന്ററില് ഷമീര് 25000 രൂപ പിഴയടയ്ക്കണം.
വിവരങ്ങള് മറച്ചുവച്ചതിന് ഹര്ജി തള്ളേണ്ടതാണെന്നും എന്നാല് ഹര്ജിയുടെ സ്വഭാവം കണക്കിലെടുത്താണ് പരിഗണിക്കുന്നതെന്നും കോടതി പറഞ്ഞു.
മാത്രമല്ല, ഒരാഴ്ചയ്ക്കകം പിഴയടച്ചില്ലെങ്കില് ഹര്ജി തള്ളുമെന്നും വ്യക്തമാക്കി. വിവാഹമോചനക്കേസിന്റെ വിശദാംശങ്ങള് ഒരാഴ്ചയ്ക്കുള്ളില് അറിയിക്കാന് തിരുവനന്തപുരം കുടുംബക്കോടതിക്ക് ഹൈക്കോടതി നിര്ദേശം നല്കുകയും ചെയ്തു.
അതേസമയം തടവിലാക്കിയിരിക്കുന്നുവെന്ന് ഷമീര് ആരോപിച്ച കാമുകി അഞ്ജനയോട് കോടതി വീഡിയോ കോണ്ഫറന്സ് സംസാരിച്ചു. തനിക്ക് ഷമീറിനൊപ്പം ജീവിക്കണമെന്നാണ് യുവതി കോടതിയെ അറിയിച്ചത്.
കേസ് ഒക്ടോബര് ഏഴിന് വീണ്ടും പരിഗണിക്കും. അപ്പോള് യുവതിയുമായി കോടതി വീണ്ടും സംസാരിക്കും.
കൂടാതെ നിലവിലെ വിവാത്തെ കുറിച്ചും വിവാഹമോചന നടപടികളെ കുറിച്ചുമുള്ല വിശദാംശങ്ങള് വിവരിച്ച് സത്യവാങ്മൂലം സമര്പ്പിക്കാന് കോടതി ഷമീറിനോട് നിര്ദ്ദേശിച്ചു.