ഭാര്യ താലി ഊരിമാറ്റുന്നത് ഭര്ത്താവിനോട് ചെയ്യുന്ന കടുത്ത ക്രൂരതയാണെന്ന് വിധിച്ച മദ്രാസ് ഹൈക്കോടതി.
ഭര്ത്താവിന്റെ മനസ്സിനെ വേദനിപ്പിക്കുന്ന വിധത്തിലുള്ളതാണ് ഭാര്യയുടെ ഈ നടപടിയെന്ന് ചൂണ്ടിക്കാട്ടി കോടതി ഭര്ത്താവിന് വിവാഹമോചനം അനുവദിക്കുകയാണുണ്ടായത്.
ജസ്റ്റിസുമാരായ വി.എം. വേലുമണി, എസ്. സൗന്ദര് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ഈറോഡിലെ ഒരു മെഡിക്കല് കോളേജില് പ്രൊഫസറായി ജോലിചെയ്യുന്ന സി. ശിവകുമാര് എന്ന ആളാണ് ഹര്ജി നല്കിയിരുന്നത്.
വിവാഹമോചന ആവശ്യം നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
ഈ ഹര്ജിയില് വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് കോടതി നിരീക്ഷണം നടത്തിയത്.
ഭര്ത്താവുമായി അകന്ന് കഴിയുന്നതിനിടെ താന് കഴുത്തില്നിന്ന് താലി നീക്കിയിരുന്നതായി ഭാര്യ കോടതിയില് സമ്മതിച്ചു.
എന്നാല്, അത്യാവശ്യഘട്ടത്തില് താലിയോടൊപ്പം ധരിച്ചിരുന്ന മാല മാത്രമാണ് അഴിച്ചുമാറ്റിയതെന്നും താലി ധരിച്ചിരുന്നെന്നും അവര് വ്യക്തമാക്കി.
ഹിന്ദു വിവാഹ നിയമപ്രകാരം ഭാര്യ താലി ധരിക്കുന്നത് നിര്ബന്ധമല്ലെന്നും അങ്ങനെ ചെയ്താല് അത് വൈഹാഹിക ബന്ധത്തെ ബാധിക്കില്ലെന്നും സ്ത്രീയുടെ അഭിഭാഷകന് കോടതിയില് ചൂണ്ടിക്കാട്ടുകയും ചെയ്തു.
എന്നാല്, ഈ വാദങ്ങള് കോടതി പരിഗണിച്ചില്ല. വിവാഹിതയായ സ്ത്രീ താലി ധരിച്ചിരിക്കണം എന്നത് അനിവാര്യമായ ആചാരമാണെന്ന് എല്ലാവര്ക്കും അറിയാം.
കഴുത്തില് താലി ധരിക്കുക എന്നത് വൈവാഹിക ജീവിതത്തിന്റെ തുടര്ച്ചയെ പ്രതീകവത്കരിക്കുന്ന പാവനമായ ഒരു കാര്യമാണ്.
സാധാരണഗതിയില് ഭര്ത്താവിന്റെ മരണശേഷം മാത്രമേ ഭാര്യ താലി ഊരിമാറ്റാറുള്ളൂ. ഈ കേസില് താലി ഊരിമാറ്റിയ ഭാര്യയുടെ പ്രവൃത്തി ഭര്ത്താവിനോടുള്ള മാനസികമായ ക്രൂരതയാണ്.
ഇത് ഭര്ത്താവിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും അദ്ദേഹത്തിന് കടുത്ത വേദനയുണ്ടാക്കുകയും ചെയ്യുന്ന കാര്യമാണെന്നും ഹൈക്കോടതിയുടെ ഒരു മുന് ഉത്തരവ് ചൂണ്ടിക്കാട്ടിക്കൊണ്ട് ബെഞ്ച് പറഞ്ഞു.
താലി ഊരുന്നത് വൈവാഹിക ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന്റെ തെളിവായി കാണുന്നില്ലെങ്കിലും, ഭാര്യയുടെ ഉദ്ദേശ്യത്തെക്കുറിച്ച് അനുമാനം നടത്തുന്നതിനുള്ള തെളിവായി മാറുന്നുണ്ടെന്ന് കോടതി പറഞ്ഞു.
മറ്റ് തെളിവുകള്ക്കൊപ്പം താലി നീക്കം ചെയ്ത നടപടിയും കൂടിയാകുമ്പോള് കക്ഷികള്ക്ക് അനുരഞ്ജനം നടത്താനും വിവാഹബന്ധം തുടരാനും ഉദ്ദേശ്യമില്ല എന്ന കൃത്യമായ നിഗമനത്തിലെത്താന് കോടതിയെ പ്രേരിപ്പിക്കുന്നതായും ബെഞ്ച് വ്യക്തമാക്കി.
ഹര്ജിക്കാരനായ ആളും ഭാര്യയും 2011 മുതല് പിരിഞ്ഞ് കഴിയുകയാണെന്ന് വ്യക്തമാണെന്നും ഇക്കാലത്തിനിടയില് വീണ്ടും ഒരുമിക്കാനുള്ള ഒരു നീക്കവും ഭാര്യയുടെ ഭാഗത്തുനിന്ന് ഉണ്ടായതായി തെളിവില്ലെന്നു കോടതി നിരീക്ഷിച്ചു.
തന്റെ പ്രവൃത്തികളിലൂടെ ഭാര്യ ഭര്ത്താവിനോട് മാനസികമായ ക്രൂരതയാണ് ചെയ്തതെന്ന് സാഹചര്യങ്ങളും തെളിവുകളും വ്യക്തമാക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു.
ഈ സാഹചര്യത്തില് ഭര്ത്താവിന് വിവാഹമോചനം അനുവദിക്കുകയാണെന്നും കോടതി വ്യക്തമാക്കി. ഈ വിധി ഇതിനോടകം ചര്ച്ചയായിട്ടുണ്ട്.