ന്യൂഡൽഹി: വിവാഹം കഴിക്കാന്‍ തയാറായില്ലെന്നത് ആത്മഹത്യയ്ക്കു പ്രേരണയായി മാറില്ലെന്നു സുപ്രീംകോടതി. പെണ്‍സുഹൃത്തിന്റെ ആത്മഹത്യയില്‍ കര്‍ണാടക സ്വദേശി കമറുദ്ദീന് ദസ്തഗിര്‍ സനാദിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ കർണാടക ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി.
കമറുദ്ദീന്റെ പെണ്‍സുഹൃത്തായിരുന്ന ഇരുപത്തിയൊന്നുകാരി 2007 ഓഗസ്റ്റില്‍ ആത്മഹത്യചെയ്തിരുന്നു. തുടർന്ന് വിവാഹവാഗ്ദാനം നല്കി വഞ്ചിച്ചുവെന്ന യുവതിയുടെ അമ്മയുടെ പരാതിയില്‍ കമറുദ്ദീനെതിരേ കേസെടുത്തു.
പ്രതി തന്റെ പ്രവൃത്തികളിലൂടെ മരിച്ചയാള്‍ക്ക് ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗം ഇല്ലെന്ന സാഹചര്യം സൃഷ്ടിച്ചാല്‍ മാത്രമേ കുറ്റം നിലനില്ക്കുകയുള്ളൂവെന്നു കേസ് റദ്ദാക്കിക്കൊണ്ട് ജസ്റ്റീസുമാരായ പങ്കജ് മിത്തല്‍, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.