തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ ഡിസിപി ചൈത്രയ്ക്കെതിരേ സര്‍ക്കാര്‍ നടപടി എടുക്കില്ലെന്ന് ഏതാണ്ടുറപ്പായി. ഹൈക്കോടതിയുടെ നിരീക്ഷണമാണ് സര്‍ക്കാരിനെ വെട്ടിലാക്കിയത്. ഈ സാഹചര്യത്തിലാണ് ചൈത്രയ്ക്കെതിരെ നടപടി എടുക്കാന്‍ കഴിയാത്ത സാഹചര്യം സര്‍ക്കാരിനുണ്ടാകുന്നത്.ചൈത്രയ്ക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതു തടയണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍നിന്നു പിന്‍വലിച്ചിരുന്നു. കോടതി നിലപാട് അനുകൂലമല്ലെന്നു കണ്ടാണു കൊച്ചിയിലെ ‘പബ്ലിക് ഐ’ നല്കിയ ഹര്‍ജി പിന്‍വലിച്ചത്.റെയ്ഡ് നിയമപ്രകാരമാണെന്നു മേലുദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്കിയെങ്കില് സംസ്ഥാനത്തു നിയമവാഴ്ചയില്ലെന്ന് എങ്ങനെ പറയുമെന്നു കോടതി പ്രതികരിച്ചിരുന്നു. ചൈത്രയ്ക്കെതിരേ കടുത്ത നടപടി വേണമെന്ന് കട്ടായം പറയുന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും സിഐടിയു ജില്ലാ സെക്രട്ടറി വി ശിവന് കുട്ടിയ്ക്കും കനത്ത തിരിച്ചടിയാവുകയാണ് കോടതി വിധി.
ഹൈക്കോടതിയിലെ നിരീക്ഷണങ്ങള്‍ ജില്ലാ നേതൃത്വത്തെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തും. ചൈത്രയ്ക്കെതിരെ നടപടി എടുത്താല്‍ അത് വലിയ കോടതി വിമര്‍ശനത്തിന് ഇടയാക്കുമെന്നും വിശദീകരിക്കും. അതുകൊണ്ട് തല്കാലം ചൈത്രയ്ക്കെതിരെ നടപടി എടുക്കില്ല. എന്നാല്‍ ചൈത്രയെ അപ്രധാന വകുപ്പിലേക്ക് സ്ഥലംമാറ്റി ഒതുക്കാം എന്നു പറഞ്ഞായിരിക്കും ജില്ലാ നേതൃത്വത്തെ സര്‍ക്കാര്‍ സമാധാനിപ്പിക്കുക.ഏതായാലും ചൈത്ര തെറ്റ് ചെയ്തില്ലെന്ന് തല്കാലം സര്‍ക്കാരിന് നിഗമനത്തില്‍ എത്തേണ്ടി വരികയാണ്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണു കേസ് പരിഗണിച്ചത്. ചൈത്രയ്ക്കെതിരെ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നു കോടതി വാദത്തിനിടെ ചോദിച്ചു. നടപടിയുണ്ടാകുമെന്നു പറയുന്ന ഉദ്യോഗസ്ഥ പരാതി നല്‍കിയിട്ടില്ലെന്നും പറഞ്ഞു. റെയ്ഡ് ശരിയായില്ലെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടതായി ഹര്‍ജിഭാഗം ശ്രദ്ധയില്‍പെടുത്തി. മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞതിന് എന്തിനാണു ഹര്‍ജിയെന്നും അദ്ദേഹത്തിനും അഭിപ്രായ സ്വാതന്ത്ര്യമില്ലേ എന്നും കോടതി ചോദിച്ചു.
ചൈത്രയുടെ നടപടിയില്‍ അന്വേഷണത്തിനു രണ്ട് ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നുവെന്ന മാധ്യമവാര്‍ത്ത ഹര്‍ജിഭാഗം ശ്രദ്ധയില്‍പെടുത്തി. റെയ്ഡ് നിയമപ്രകാരമാണോ എന്നു പരിശോധിക്കുന്നതില്‍ തെറ്റുണ്ടോ എന്നു കോടതി ചോദിച്ചു. റെയ്ഡ് നടപടിയില്‍ തെറ്റില്ലെന്നു മേലുദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും മുഖ്യമന്ത്രി മറിച്ചു തീരുമാനമെടുക്കാന്‍ സാധ്യതയുണ്ടെന്നു ഹര്‍ജിഭാഗം ആരോപിച്ചു. റെയ്ഡ് നിയമപ്രകാരമാണെന്നു മേലുദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്കിയെങ്കില് സംസ്ഥാനത്തു നിയമവാഴ്ചയില്ലെന്ന് എങ്ങനെ പറയുമെന്നു കോടതി പ്രതികരിച്ചു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ഓഫിസില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥയ്ക്കു ക്ലീന്‍ ചിറ്റ് നല്കാന് മേലുദ്യോഗസ്ഥര്‍ക്കു സാധിച്ചെങ്കില്‍ നിയമവാഴ്ച ഭദ്രമെന്നല്ലേ അര്‍ഥം? തെറ്റിദ്ധാരണയുടെ പുറത്താണു ഹര്‍ജി. ഉദ്യോഗസ്ഥയ്ക്കെതിരേ നടപടിയുണ്ടായില്ലെങ്കില്‍ ഹര്‍ജികൊണ്ട് എന്താണു കാര്യമെന്നും കോടതി ചോദിച്ചു. ഇതോടെയാണ് ഹര്‍ജി പിന്‍വലിച്ചത്. എന്നാലും നിയമ വാഴ്ച ഭദ്രമല്ലേയെന്ന ചോദ്യം ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നു. നടപടി എടുക്കരുതെന്ന സൂചനയാണ് ഇതിലൂടെ കോടതി നല്‍കിയത്. ഈ സാഹചര്യത്തിലാണ് ചൈത്രയെ വെറുതെ വിടാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിക്കുന്നത്.
ഹര്‍ജി മുന്‍വിധിയോടെയുള്ളതാണ്.പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രം കേസ് പരിഗണിക്കാനാവില്ല. വ്യത്യസ്ത സാഹചര്യമുണ്ടായാല്‍ ഹര്ജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിച്ചത്. നേരത്തെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ പരിശോധന നടത്തിയ ഡിസിപി ചൈത്രാ തെരേസ ജോണിനോട് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബൈഹ്റയും വിശദീകരണം തേടിയിരുന്നു. പൊലീസ് സ്റ്റേഷന് ആക്രമണ കേസിലെ പ്രതികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ തെരഞ്ഞാണ് അര്‍ധ രാത്രിയില്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ ഡിപി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നത്. എന്നാല്‍ ആരെയും കണ്ടെത്താനായില്ല. എന്നാല്‍ എല്ലാ നടപടി ക്രമവും പാലിച്ചായിരുന്നു റെയ്ഡ്. കോടതിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.
സര്‍ക്കാരിനെ കുടുക്കും വിധമായിരുന്നു കേസിലെ ഹൈക്കോടതി ഇടപെടല്‍. ആളുകള്‍ പലതും പറയുമെന്ന് വിശദമാക്കിയ കോടതി നടപടിയെടുത്താല്‍ മാത്രമല്ലേ കോടതിക്ക് ഇടപെടാന്‍ ആവൂകയുള്ളൂവെന്നും ഹര്‍ജിക്കാരനോട് വ്യക്തമാക്കി. സര്‍ക്കാര്‍ നടപടി എടുക്കുകയാണെങ്കില്‍ അപ്പോള്‍ നോക്കിയാല്‍ പോരെ എന്നും ഹൈക്കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. ചൈത്ര തെരേസ ജോണിനെ കുറ്റവിമുക്ത ആക്കിയ റിപ്പോര്‍ട്ട് ഉണ്ടല്ലോ പിന്നെ എന്തിനാണ് ഈ ഹര്‍ജിയെന്നും ഹൈക്കോടതി ചോദിച്ചു. മുഖ്യമന്ത്രി ഒരു അഭിപ്രായം പറഞ്ഞാല്‍ അത് അദ്ദേഹത്തിന്റെ അവകാശം ആണ്. ഭരണഘടന അതിന് സംരക്ഷണം നല്‍കുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. പുതിയ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ആവശ്യം എങ്കില്‍ കോടതിയെ വീണ്ടും സമീപിക്കാമെന്ന് വിശദമാക്കിയതോടെ എസ് പി ചൈത്ര തെരേസ ജോണിന് എതിരായ സര്‍ക്കാര്‍ നടപടിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.ചൈത്രയെ നിലവിലെ വുമണ്‍ എസ്പി സ്ഥാനത്ത് നിന്ന് സ്ഥലം മാറ്റാനും പകരം നിയമനം നല്കാതിരിക്കാനുമാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ നീക്കം. ചൈത്ര തെരേസ ജോണിനെതിരെ സിവില്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യതയും ഒരു വിഭാഗം അന്വേഷിക്കുന്നുണ്ട്.