കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. കണ്ടക്ടര്‍, ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്കാണ് ഏറ്റവും ആദ്യം ശമ്പളം നല്‍കേണ്ടതെന്ന് ഹൈക്കോടതി.
ഇവര്‍ക്കെല്ലാം ശമ്പളം നല്‍കാതെ സൂപ്പര്‍വൈസറി തസ്തികയിലുള്ളവര്‍ക്ക് ശമ്പളം നല്‍കരുതെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.
ജീവനക്കാര്‍ക്ക് സമയബന്ധിതമായി ശമ്പളം നല്‍കണമെന്നും സ്ഥാപനത്തെ സ്വയം പര്യാപ്തമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു.
എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്.
കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ പ്രാമുഖ്യം നല്കുന്നുണ്ടോയെന്നും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ എത്രനാള്‍ മുന്നോട്ടുപോകുമെന്നും കോടതി ചോദിച്ചു.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷനും ശമ്പളവും നല്കാന് ലോണെടുക്കുന്നതിനേയും കോടതി വിമര്‍ശിച്ചു. വായ്പയെടുത്തത് എന്തിന് വിനിയോഗിച്ചെന്ന് അറിയിക്കണമെന്നും കോടതി പറഞ്ഞു.
പൊതുജനങ്ങളെ ഓര്‍ത്താണ് വിഷയത്തില്‍ ഇടപെടുന്നതെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതയില്‍ മാനേജ്മെന്റിനെയും കോടതി വിമര്‍ശിച്ചു. ആര്‍ക്കും ഒരു ഉത്തരിവാദിത്വവുമില്ല.
ജീവനക്കാര്‍ക്ക് ജീവിക്കണം. അവരുടെ കുട്ടികളെ പഠിപ്പിക്കണം. ശമ്പളമില്ലാതെ ഇവര്‍ എങ്ങനെ മുന്നോട്ടുപോകണമെന്നും ജസ്സ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു.
യൂണിയന് പ്രവര്‍ത്തനവും കൊടിപിടിക്കലും മാത്രം നടക്കുന്നതിനേയും കോടതി വിമര്‍ശിച്ചു. കെഎസ്ആര്‍ടിസി നന്നാവണമെങ്കില്‍ എല്ലാവരും വിചാരിക്കണമെന്ന് പറഞ്ഞ കോടതി കെഎസ്ആര്‍ടിസിയുടെ ആസ്തി ബാധ്യതകളുടെ വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാനും ഉത്തരവിട്ടു.