കൊച്ചി: ഗുരുതരമായ ആരോപണങ്ങളുള്ള ലൈംഗികാതിക്രമക്കേസുകളില്‍ ഇര പരാതി പിന്‍വലിച്ചാലും കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. മകളുടെ പരാതിയില്‍ പിതാവിനെതിരേയെടുത്ത കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിര്‍ദേശം.
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്കൂളിലെ കൗണ്‍സലിംഗിനിടെ പെൺകുട്ടി പിതാവ് പീഡിപ്പിച്ചത് വെളിപ്പെടുത്തിയത്. പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കവേ മകള്‍ പരാതി പിന്‍വലിക്കാന്‍ തയാറായി. തുടര്‍ന്ന് മകളുടെയും അമ്മയുടെയും മൊഴി കളവാണെന്ന് ചൂണ്ടികാട്ടി പ്രതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആരോപണം ഗുരുതരമായതിനാല്‍ വിചാരണ നേരിടണെന്ന് കോടതി വ്യക്തമാക്കി.
ഇര സംഭവത്തിന്റെ ആഘാതത്തില്‍നിന്നും അതിജീവിച്ചാല്‍ പോലും കേസ് റദ്ദാക്കാനാകില്ലെന്ന് റാംജി ലാല്‍ ബൈര്‍വ ആന്‍ഡ് സ്റ്റേറ്റ് ഓഫ് രാജസ്ഥാന് കേസില്‍ സുപ്രീം കോടതിയുടെ സമീപകാല വിധിയെ അടിസ്ഥാനമാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ നിരീക്ഷണം. 15 വയസുള്ള വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് അധ്യാപകനെതിരായ നടപടികള്‍ റദ്ദാക്കിയ രാജസ്ഥാന് ഹൈക്കോടതി വിധി സുപ്രിം കോടതി റദ്ദാക്കിയിരുന്നു.
ലൈംഗികാതിക്രമവും മറ്റു നിരവധി കുറ്റകൃത്യങ്ങളും ആരോപിക്കപ്പെടുന്ന ഈ കേസിലും സുപ്രിംകോടതി വിധി ബാധകമാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കാക്കി. പ്രായപൂര്‍ത്തിയാകാത്ത മകളെ മൂന്നു വര്‍ഷത്തിനിടെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങളില്‍നിന്നുള്ള സംരക്ഷണ നിയമത്തിലെ (പോക്സോ ആക്ട്) വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരേ കേസെടുത്തത്.
വിചാരണയ്ക്കിടെ പെണ്‍കുട്ടിയും അമ്മയും പിതാവിനെതിരേ തെളിവ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീടാണ് പിതാവിനെതിരേ പരാതിയില്ലെന്ന് പെണ്‍കുട്ടി അറിയിച്ചത്. എന്നാല്‍ ഗുരുതരമായ കേസുകള്‍ റദ്ദാക്കാനാവില്ലെന്നും പ്രതി വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.