കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ ക്ഷാമം രൂക്ഷമായതോടെ എംപാനലുകളെ തിരിച്ചെടുക്കുന്ന കാര്യം നിയമവിധേയമായി മാത്രം ആലോചിക്കാമെന്ന് ഹൈക്കോടതി. പിഎസ്‌സി വഴി അല്ലാത്ത നിയമനങ്ങള്‍ നിയമവിരുദ്ധമെന്ന് കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസി വിഷയത്തില്‍ പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാരും പിഎസ് സി റാങ്ക് ഹോള്‍ഡേഴ്സും സമര്‍പ്പിച്ച രണ്ടു ഹര്‍ജി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ എംപാനല്‍ കണ്ടക്ടര്‍മാര്‍ക്ക് കേസില്‍ കക്ഷി ചേരാന്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.
നിലവിലെ കണ്ടക്ടര്‍ ഒഴിവുകള്‍ പരിഹരിക്കാന്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താമെന്നും കോടതി വ്യക്തമാക്കി. നാലായിരത്തോളം എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടു പിഎസ്‌സി വഴി നിയമനം നടത്താന്‍ നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാര്‍ പിഎസ്‌സി നിയമനം നടക്കുന്നത് വരെ താല്‍ക്കാലിക കണ്ടക്ടര്‍മാരെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.
വേണ്ടത്ര നിയമനം നടത്താനാകാതെ പ്രതിസന്ധിയില്‍ ആയിരിക്കേ നിയമം അനുവദിച്ചാല്‍ മാത്രമേ താല്‍ക്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാന്‍ കെഎസ്ആര്‍ടിസിയ്ക്ക് കഴിയൂ. പഴയ ജീവനക്കാരെ തിരിച്ചെടുക്കാന്‍ നിയമത്തിന്റെ പഴുതുകളെല്ലാം കെഎസ്ആര്‍ടിസിയ്ക്ക് പരിശോധിക്കേണ്ടി വരും. പത്തും പതിനാലും വര്‍ഷം വരെ എങ്ങിനെ താല്‍ക്കാലിക ജീവനക്കാരെ വെയ്ക്കാന്‍ കഴിയുമെന്ന് നേരത്തേ കോടതി ചോദിച്ചിരുന്നു. പിരിച്ചുവിടപ്പെട്ട എംപാനല്‍ ജീവിനക്കാര്‍ക്ക് പകരമായി പിഎസ് സി വഴി കെഎസ്ആര്‍ടിസിയ്ക്ക് ഇതുവരെ നിയമിക്കാനായത് പകുതി പേരെ മാത്രമാണ്. ഇതോടെ പല ഡിപ്പോകളിലും കണ്ടക്ടര്‍മാരില്ലാതെ സര്‍വീസ് പ്രതിസന്ധിയിലാണ്.