യാചകര്‍ക്ക് ഭക്ഷണവും താമസവും നല്‍കണമെന്നാവശ്യപ്പെട്ട് ബോബെ ഹൈക്കോടതിയെ സമീപിച്ച ഹര്ജിക്കാരന് തിരിച്ചടി.
ഭവനരഹിതര്‍ക്കും യാചകര്‍ക്കും എല്ലാ സൗകര്യങ്ങളും നല്‍കാനാവില്ലെന്നും അവരും ജോലി ചെയ്യാന്‍ തയ്യാറാകണമെന്നും കോടതി വ്യക്തമാക്കി.
തെരുവില്‍ കഴിയുന്നവര്‍ക്കു മൂന്നു നേരം പോഷക സമൃദ്ധ ഭക്ഷണവും താമസവും ഒരുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
യാചകര്‍ക്ക് കുപ്പിവെള്ളം, കിടക്കാന്‍ ഇടം, ശുചിമുറി സൗകര്യം എന്നിവ നല്കാന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനു (ബിഎംസി) നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്രിജേഷ് ആര്യ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്.
തെരുവില്‍ കഴിയുന്നവര്‍ക്കു സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഭക്ഷണ പാക്കറ്റുകള്‍ നല്‍കുന്നുണ്ടെന്ന് ബിഎംസി കോടതിയെ അറിയിച്ചു. സ്ത്രീകള്‍ക്കു സാനിറ്ററി നാപ്കിന് നല്‍കുന്നുണ്ടെന്നും കോര്പ്പറേഷന് ചൂണ്ടിക്കാട്ടി.
കോര്‍പ്പറേഷന്റെ വാദം രേഖപ്പെടുത്തിയ കോടതി ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവുകള്‍ ഇടില്ലെന്ന് വ്യക്തമാക്കി. ആളുകളെ ജോലി ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കലാണോ ഹര്‍ജിയുടെ ഉദ്ദേശ്യമെന്ന് കോടതി ആരാഞ്ഞു.
നഗരത്തിലെ പൊതു ശൗച്യാലയങ്ങള്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് സൗജന്യമാക്കുന്ന കാര്യം പരിഗണിക്കാന്‍ കോടതി കോര്‍പ്പറേഷനോട് നിര്‍ദേശിച്ചിട്ടുണ്ട്.