ലിവിങ് ടുഗദര്‍ പങ്കാളികള്‍ക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി.
ലിവിംഗ് ടുഗദറിനെ വിവാഹമായി കാണാനാകില്ലെന്നും സ്പെഷ്യല്‍ മാര്യേജ് ആക്ട് വ്യക്തി നിയമങ്ങള്‍ അനുസരിച്ച് നടക്കുന്ന വിവാഹങ്ങള്‍ക്കു മാത്രമേ നിയമ സാധുതയുണ്ടാകുകയുള്ളുവെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
നിയമപ്രകാരം വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
കരാറിന്റെ അടിസ്ഥാനത്തില്‍ 2006 മുതല്‍ ഒരുമിച്ച് ജീവിക്കുന്ന പങ്കാളികള്‍ വിവാഹമോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയില്‍ നല്കിയ ഹര്‍ജി തള്ളിയതിന് എതിരെയുള്ള അപ്പീല്‍ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പെട്ട പങ്കാളികളാണ് വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചത്.
ഉഭയ സമ്മതപ്രകാരമാണ് ഇവര്‍ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്.
എന്നാല്‍ നിയമപ്രകാരം വിവാഹിതരായിട്ടില്ലെന്ന് വിലയിരുത്തി വിവാഹമോചനം അനുവദിക്കാന്‍ കുടുംബ കോടതി തയ്യാറായില്ല. ഇവരുടെ ഹര്‍ജി തള്ളുകയും ചെയ്തു.
ഇതോടെയാണ് പങ്കാളികള്‍ കുടുംബകോടതി ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. വിശദമായ വാദം കേട്ടതിന് ശേഷം ഹൈക്കോടതി ഇവരുടെ അപ്പീല്‍ തള്ളുകയായിരുന്നു.