വ്യത്യസ്ത മതത്തില്‍പ്പെട്ടവര്‍ പ്രണയിച്ച് വിവാഹം കഴിച്ചു. കുട്ടി പിറന്നപ്പോള്‍ പേരിടുന്നതിന്റെ പേരില്‍ തര്‍ക്കമായി. ഒടുവില്‍ കേസ് ഹൈക്കോടതിയിലുമെത്തി. സംഭവം കേരളത്തില്‍ തന്നെയാണ്. കോട്ടയം സ്വദേശികളായ ദമ്പതികളുടെ മകന് ഒടുവില്‍ കോടതി പേരിടുകയും ചെയ്തു. കോടതി നിര്‍ദ്ദേശിച്ച പേര് കുട്ടിക്ക് നല്‍കാന്‍ രണ്ടുപേരും സമ്മതിച്ചതോടെ സ്‌കൂളില്‍ ചേര്‍ക്കാനുള്ള തടസവും മാറി.
വിവാഹ മോചനത്തിന് ശ്രമിക്കുന്ന ദമ്പതികള്‍ തമ്മിലാണ് പേരിനെ ചൊല്ലി കലഹിച്ചത്. അമ്മ നിര്‍ദ്ദേശിച്ച ജൊഹാന്‍ എന്നതും പിതാവ് നിശ്ചയിച്ച സച്ചിന്‍ എന്നതും ചേര്‍ത്ത് ജൊഹാന്‍ സച്ചിന്‍’ എന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പേരിട്ടത്. ഭര്‍ത്താവ് ഹിന്ദുവും ഭാര്യ ക്രിസ്ത്യാനിയുമാണ്. 2010 ആഗസ്റ്റില്‍ ക്രിസ്ത്യന്‍ ഹിന്ദു ആചാരങ്ങളനുസരിച്ചായിരുന്ന ഇവരുടെ വിവാഹം.
2013 സെപ്റ്റംബര്‍ 20 നാണ് കുട്ടി ജനിച്ചത്. ഇരുവരും അകന്നതോടെ വിവാഹമോചന കേസ് കുടുംബകോടതിയിലെത്തി. കുട്ടിക്ക് സ്‌കൂളില്‍ പ്രവേശനം നേടാന്‍ ജനന സര്‍ട്ടിഫിക്കറ്റിന് ഭാര്യയും ഭര്‍ത്താവും കോട്ടയം മുനിസിപ്പാലിറ്റിയില്‍ പ്രത്യേകം അപേക്ഷകള്‍ നല്‍കി.
ഇരുവരുടെയും അഭിപ്രായ വ്യത്യാസം മൂലം മുനിസിപ്പാലിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചില്ല. തുടര്‍ന്ന് ഇരുവരും ഹൈക്കോടതിയെ സമീപിച്ചു. കുട്ടിക്ക് പേരിട്ടെന്ന് മാതാവ് ഹൈക്കോടതിയെ അറിയിച്ചു.
മറ്റൊരു പേരിടാന്‍ ധാരണയായിരുന്നെന്ന് പിതാവും വാദിച്ചു. 28ാം ദിവസം നടന്ന ചടങ്ങില്‍ പേര് വിളിച്ചിരുന്നു. കുടുംബ കോടതിയില്‍ കേസ് തുടരുന്നതിനാല്‍ കുട്ടിയുടെ അവകാശം വ്യക്തമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പേരുണ്ടെങ്കിലേ കുട്ടിക്ക് സ്‌കൂളില്‍ ചേരാന്‍ കഴിയൂ. താന്‍ ആഗ്രഹിച്ച പേരിലെ ഒരു ഭാഗം ഒഴിവാക്കാമെന്ന് ഭാര്യ അറിയിച്ചു. ഭര്‍ത്താവ് സമ്മതിച്ചില്ല.