കൊച്ചി: സംസ്ഥാനത്തെ എല്ലാ വളര്‍ത്തുമൃഗങ്ങളെയും കന്നുകാലികളെയും ഉടമകള്‍ ആറു മാസത്തിനകം തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഇക്കാര്യം വ്യക്തമാക്കി പഞ്ചായത്തുകളും നഗരസഭകളും ഉടന്‍ പൊതു നോട്ടീസ് ഇറക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
ഇനി വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നവര്‍ മൂന്നു മാസത്തിനകം ലൈസന്‍സ് എടുക്കണമെന്ന വ്യവസ്ഥ വേണമെന്നും ഇതിനായി ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്താനാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡ് പുനഃസംഘടിപ്പിക്കുമ്പോള്‍ ജംബോ സമിതി വേണ്ടെന്നും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കുറച്ചുപേര്‍ ഉള്‍പ്പെട്ട സമിതിയാണ് വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.
മൃഗക്ഷേമ ബോര്‍ഡ് പുനഃ സംഘടിപ്പിക്കാന്‍ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടെന്ന് കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന് അറിയിച്ചതിനെത്തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ ഹര്‍ജി തിങ്കളാഴ്ചയിലേക്ക് മാറ്റി.
ബോര്‍ഡ് രണ്ടാഴ്ചയ്ക്കുള്ളില്‍ പുനസംഘടിപ്പിക്കുമെന്നു അഡി. അഡ്വക്കേറ്റ് ജനറല്‍ അശോക് എം. ചെറിയാന് വ്യക്തമാക്കി.
തെരുവു നായ്ക്കളുടെ വന്ധ്യംകരണത്തിനായി ജില്ലകള്‍ തോറും നിലവിലുള്ള സംവിധാനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ആംബുലന്‍സ് സൗകര്യം എന്നിവ വ്യക്തമാക്കി സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി വ്യക്തമാക്കി.
അടിമലത്തുറ ബീച്ചില്‍ ബ്രൂണയെന്ന വളര്‍ത്തുനായയെ അടിച്ചു കൊന്ന സംഭവത്തെത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിയിലാണ് ഇതു പറഞ്ഞത്.