തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി പരീക്ഷാഫലം മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 3,74,755 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 2,94,888 പേർ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി. 78.69 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം ഇത് 82.9 ശതമാനമായിരുന്നു. മുൻവർഷത്തേക്കാൾ 4.26 ശതമാനത്തിന്റെ കുറവാണുണ്ടായത്.
സയൻസ് വിഭാഗത്തിൽ 84.84 ശതമാനം, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 67.09 ശതമാനം, കൊമേഴ്സ് വിഭാഗത്തിൽ 76.11 ശതമാനം എന്നിങ്ങനെയാണ് വിജയം. 39,242 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കി. കഴിഞ്ഞവർഷം ഇത് 33,815 ആയിരുന്നു.
63 സ്കൂളുകൾ 100 ശതമാനം വിജയം കരസ്ഥമാക്കി. ഇതിൽ ഏഴു സർക്കാർ സ്കൂളുകളുമുണ്ട്. 84.12 ശതമാനം വിജയവുമായി എറണാകുളം ജില്ലയാണ് മുന്നിൽ. അതേസമയം, 72.13 ശതമാനം വിജയം നേടിയ വയനാടാണ് ഏറ്റവും പിന്നിൽ.
അതേസമയം, വിഎച്ച്എസ്ഇ പരീക്ഷയില്‍ 71.42 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 78.39 ശതമാനമായിരുന്നു വിജയം. 6.97 ശതമാനത്തിന്റെ കുറവാണുണ്ടായത്. സേ പരീക്ഷ ജൂൺ 12 മുതൽ 20 വരെ നടക്കും. വൈകുന്നേരം നാലോടെ മുഴുവൻ വിദ്യാർഥികളുടെയും ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും.
ഹയർ സെക്കൻഡറി പരീക്ഷാ ഫലം http://www.prd.kerala.gov.in , http://www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.