കോട്ടാങ്ങല്‍: കുഴിയില്‍ വീണു തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി മരിച്ചു. വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുരേഷ് മൈലാട്ടുപാറയുടെ മകന് എസ്. ശ്രീശാന്താണ് (17) മരിച്ചത്.
ഇന്നലെ വൈകുന്നേരം കോട്ടാങ്ങല്‍ വലിയപടയണിക്കു പോയതായിരുന്നു ശ്രീശാന്ത്. രാത്രിയില്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ മണിമലയാറിന്റെ തീരത്തെ കുഴിയില്‍ വീണു തലയ്ക്കു ഗുരുതരമായി പരിക്കേറ്റുവെന്നാണു വിവരം.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീടു മരിച്ചു.
പെരുമ്പെട്ടി പോലീസ് കേസെടുത്തു. മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. കരിക്കാട്ടൂര്‍ സിസിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ്. ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റുകൂടിയാണ് അച്ഛനായ സുരേഷ് മൈലാട്ടുപാറ.
ശ്രീശാന്തിന്റെ മാതാവ് അജിത സുരേഷ് പെരുവന്താനം ഗ്രാമപഞ്ചായത്തംഗമായിരുന്നു. സഹോദരി: ശ്രീലക്ഷ്മി (നഴ്സ്, ആര്‍മി, മീററ്റ്).