പാലക്കാട്: ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഡയറക്ടർമാരെ അടിക്കടി മാറ്റുന്നതുമൂലം ഹയർ സെക്കൻഡറി ജൂണിയർ അധ്യാപകരുടെ സ്ഥാനക്കയറ്റം അനിശ്ചിതത്വത്തിലായതായി പരാതി. വിവിധ വിഷയങ്ങളിലായി 429 അധ്യാപകരുടെ സ്ഥാനക്കയറ്റ ഉത്തരവാണ് സ്ഥിരം ഡയറക്ടറില്ലാത്തതിനാൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ പ്രസിദ്ധീകരിക്കാനാവാതെ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 14 ന് വകുപ്പുതല സ്ഥാനക്കയറ്റ സമിതി അംഗീകരിച്ച് മാർച്ച് അഞ്ചിനുള്ള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി. മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയായിട്ടുമുണ്ട്.
മറ്റു വകുപ്പുകളിൽനിന്നും വ്യത്യസ്തമായി പത്തും പതിനഞ്ചും വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് മിക്ക വിഷയങ്ങളിലെയും ഹയർ സെക്കൻഡറി ജൂണിയർ അധ്യാപകർ സീനിയറായി സ്ഥാനക്കയറ്റം നേടുന്നത്. ഉത്തരവ് വൈകിയാൽ സീനിയറായി സ്ഥാനക്കയറ്റം നേടുന്ന അധ്യാപകർക്കു ജോലി ഏറ്റെടുക്കാൻ അടുത്ത അധ്യയന വർഷം വരെ കാത്തിരിക്കേണ്ടിവരും.
അധ്യാപകർക്ക് അർഹമായ സ്ഥാനക്കയറ്റം അനാവശ്യമായി വൈകിപ്പിക്കുന്ന വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിച്ച് അടിയന്തരമായി ഉത്തരവ് പുറത്തിറക്കണമെന്നു ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(എച്ച്എസ്എസ്ടിഎ) സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ നാലു ഡയറക്ടർമാരെയാണ് മാറ്റിനിയമിച്ചത്. ഇതു വകുപ്പിന്റെ ഭരണസംവിധാനം പാടെ തകിടം മറിക്കുന്നതായും പരാതിയുണ്ട്. ഏറ്റവുമൊടുവിൽ നിയമിച്ച ഡയറക്ടറായ ഡോ. പി.കെ.ജയശ്രീയേയും മാറ്റി സീനിയർ അക്കാദമിക് ജോയിന്റ് ഡയറക്ടർ പി.പി. പ്രകാശനു പകരം ചുമതല നൽകിയിരിക്കുകയാണ്.
ഹയർ സെക്കൻഡറിയിൽ അതീവശ്രദ്ധ വേണ്ട ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ നടക്കുന്പോൾ ഐഎഎസ് കേഡറിലുള്ള സ്ഥിരം ഡയറക്ടറെ നിയമിക്കാതെയുള്ള ഞാണിൻമേൽകളി നടത്തുകയാണ് വിദ്യാഭ്യാസ വകുപ്പെന്നും സംഘടന കുറ്റപ്പെടുത്തി.
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിനെ പൊതു വിദ്യാഭ്യാസ വകുപ്പിൽ ലയിപ്പിക്കാനുള്ള നീക്കത്തെ സഹായിക്കാനാണ് ഐഎഎസ് ഡയറക്ടർമാരെ മാറ്റിനിർത്തി രാഷ്ട്രീയ നിയമനം നൽകിയ ജോയിന്റ് ഡയറക്ടർമാർക്കു വകുപ്പിന്റെ പൂർണ ചുമതല നല്കുന്നതെന്നും ആരോപണമുയരുന്നു.
അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനുള്ള ഉത്തരവ് അടിയന്തരമായി പുറത്തിറക്കണമെന്നും പരീക്ഷാ മൂല്യനിർണയ ജോലികൾ കുറ്റമറ്റതാക്കുന്നതിനായി ഹയർ സെക്കൻഡറിക്ക് ഐഎഎസ് തലത്തിലുള്ള സ്ഥിരം ഡയറക്ടറെ ഉടൻ നിയമിക്കണമെന്നും എച്ച്എസ്എസ്ടിഎ സംസ്ഥാന പ്രസിഡന്റ് എം.രാധാകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സാബുജി വർഗീസ് എന്നിവർ ആവശ്യപ്പെട്ടു.