ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയർത്തി വിദ്യാഭ്യാസ വകുപ്പ്. നേരത്തെ നാൽപത് വയസായിരുന്നു പ്രായപരിധി.അതിൽ നിന്ന് 56 ആക്കിക്കൊണ്ടുള്ള ഉത്തരവാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്.
40 വയസ്സ് കഴിഞ്ഞ ഗസ്റ്റ് അധ്യാപകരുടെ നിയമന ഉത്തരവുകൾ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ തള്ളുന്നതായി പരാതി ഉയർന്നിരുന്നു. ഒബിസി വിഭാഗത്തിന് 43 എസ്സി, എസ്.ടി വിഭാഗങ്ങൾക്ക് 45 വയസ് എന്നിങ്ങനെ ആയിരുന്നു പ്രായപരിധി.
നിലവിൽ സ്പെഷ്യൽ റൂൾ പ്രകാരമുള്ള പ്രായപരിധിക്കുള്ളിലെ ഗസ്റ്റ് അധ്യാപകരെ ലഭിക്കാത്തതിനാൽ പഠിപ്പിക്കുവാൻ അധ്യാപകരില്ലാത്ത അവസ്ഥ വരുന്നതായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് ഉണ്ടായിരുന്നു.
ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പഠനം തടസപ്പെടാതിരിക്കാൻ വേണ്ടിയാണ് പ്രായം പുനർനിശ്ചയിച്ചതെന്നും ഉത്തരവിൽ പറയുന്നു.