മാന്നാർ: പരസ്യ ബോർഡുകൾ സ്ഥാപിക്കുവാനുള്ള ഇടമായി മാന്നാർ ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് മാറുന്നു. 5.5 ലക്ഷം മുടക്കി സ്ഥാപിച്ച ലൈറ്റ് നിലവിൽ നാട്ടുകാർക്ക് പ്രയോജനമില്ലാത്തതിനൊപ്പം വിനയായി മാറിയിരിക്കുകയാണ്. മാന്നാർ ടൗണിൽ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കണമെന്ന ഏറേ നാളത്തെ ആവശ്യത്തെ തുടർന്നാണ് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 5.5 ലക്ഷം മുടക്കി ഇത് സ്ഥാപിച്ചത്.
ലൈറ്റ് സ്ഥാപിച്ച് മൂന്ന് മാസം കഴിഞ്ഞപ്പോൾ ഇത് മിഴിയടച്ചു. 2012 ഡിസംബറിലാണ് ഏറെ കൊട്ടിഘോഷിച്ച് ഇത് സ്ഥാപിച്ചത്. അഞ്ച് വർഷത്തിനുളളിൽ ഇത് പ്രകാശിച്ചത് വല്ലപ്പോഴും മാത്രമാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പല തവണ അറ്റകുറ്റപണികൾ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇപ്പോൾ ആറു മാസമായി വിളക്ക് പ്രകാശിക്കുന്നില്ല. ചില ലൈറ്റുകൾ ഇടയ്ക്കിടെ മിന്നുക മാത്രമാണ് ചെയ്യുന്നത്.
ഹൈമാസ്റ്റ് വിളക്ക് വന്നതോടെ ടൗണിൽ ഉണ്ടായിരുന്ന മറ്റ് തെരുവ് വിളക്കുകൾ മാറ്റിയിരുന്നു. ഇപ്പോൾ രാത്രിയായിൽ മാന്നാർ ഇരുട്ടിലായിരിക്കുകയാണ്.ലൈറ്റിന്റെ അറ്റകുറ്റപണികൾ ചെയ്യുവാൻ പഞ്ചായത്തിൽ ഫണ്ട് നീക്കി വച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. എല്ലാവരും ലൈറ്റിനെ കൈയെഴിഞ്ഞ അവസ്ഥയിലാണ് ഇപ്പോൾ. വേണമെങ്കിൽ നാട്ടുകാർ പണം മുടക്കി അറ്റകുറ്റ പണികൾ നടത്തണമെന്ന രീതിയാണ് അധികൃതരുടേത്.