കൊട്ടാരക്കര: ടൗണുൾപ്പെടെ നഗരസഭാ പരിധിയിലുൾപ്പെടുന്ന ഹൈമാസ്റ്റ് ലൈറ്റുകളിൽ ഭൂരിപക്ഷവും ഇപ്പോൾ പ്രയോജനരഹിതമാണ്.’കത്താത്തവയും കേടുപാടു സംഭവിച്ചവയുമാണ് ഇവയെല്ലാം തന്നെ. ജനങ്ങളുടെ ആവശ്യപ്രകാരം എം.പി., എം.എൽ.എ. തുടങ്ങിയ ജനപ്രതിനിധികളാണ് ഹൈമാസ്റ്റ് ലൈറ്റിന് ഫണ്ടനുവദിക്കുന്നത്. അനുമതി നൽകുന്നതും വൈദ്യൂത ചാർജ് അടക്കുകുന്നതും തദ്ദേശ സ്ഥാപനങ്ങളാണ്.
ഇത്തരം ലൈറ്റുകൾ സ്ഥാപിക്കുന്നതിൽ വൈദഗ്ധ്യം ഉള്ള ചില കമ്പനികളാണ് ഇത് കരാറേറ്റെടുത്തു നടപ്പിലാക്കി വരുന്നത്. ലൈറ്റു സ്ഥാപിച്ച് വെളിച്ചം കാണിച്ചു കഴിഞ്ഞാൽ ഇവരുടെ ജോലി തീർന്നു.പിന്നീടുണ്ടാകുന്ന കുഴപ്പങ്ങൾ പരിഹരിക്കാൻ ഇവർക്കു ബാധ്യതയില്ല. മിക്ക ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ച് ആറുമാസത്തിനകം തന്നെ കണ്ണടച്ചിട്ടുണ്ട്.നിർമ്മാണത്തിലെ തട്ടിപ്പും അപാകതയുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഒരു ഹൈമാസ്റ്റ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ മിനിമം അഞ്ചു ലക്ഷം രൂപ വരെ ഫണ്ടായി അനുവദിക്കാറുണ്ട്.ജനങ്ങളുടെ ജീവനു ഭീഷണിയായിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകളും ഏറെയുണ്ട്. അപകടാവസ്ഥയിലുള്ള ഇവ ഏതു നിമിഷവും മറിഞ്ഞു വീഴാവുന്ന സ്ഥിതിയിലാണ്. കൊട്ടാരക്കര പോലീസ് സ്റ്റേഷനു സമീപത്തുള്ള ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് ആറുമാസത്തോളമായി.എം.സി.റോഡു വശങ്ങളിലും പ്രധാന കവലകളിലും സ്ഥാപിച്ചിട്ടുള്ളവയുടെയും സ്ഥിതി വ്യത്യസ്തമല്ല.
ജനപ്രതിനിധികൾഫണ്ടനുവദിച്ചു സ്ഥാപിക്കുന്ന ഹൈമാസ്റ്റ് ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടത്താൻ നഗരസഭക്കോ മറ്റു തദ്ദേശ സ്ഥാപനങ്ങൾക്കോ തുക ചിലവഴിക്കാൻ നിയമപരമായി കഴിയില്ലെന്ന് അധികൃതർ പറയുന്നു.കരാറുകാരെക്കൊണ്ടു തന്നെ അതു ചെയ്യിക്കാൻ കഴിയുംവിധം പദ്ധതി തയാറാക്കുകയാണ് വേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും കൂനിൻമേൽ കുരു പോലെയാണ് ഇപ്പോൾ പല ഹൈമാസ്റ്റ് ലൈറ്റുകളും. വെളിച്ചമൊട്ടില്ല താനും മറിഞ്ഞു വീഴുമെന്ന ഭീതിയും.