മാന്നാർ: പരുമല ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാതായതോടെ ടൗണ്‍ കൂരിരിട്ടിലായി. രാത്രി ടൗണിലെത്തുന്നവർ ഇരുട്ടിൽ തപ്പേണ്ട അവസ്ഥയാണ്. പുലർച്ചെ ദീർഘദൂര യാത്രക്കാരും വിവിധ ആരാധനാലങ്ങളിൽ എത്തുന്നവരും വെളിച്ചം ഇല്ലാത്തിനാൽ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
കഴിഞ്ഞ ആറു വർഷം മുന്‍പാണ് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് മാന്നാറിലെ ആദ്യത്തെ ഹൈമാസ്റ്റ് ടൗണിൽ സ്ഥാപിക്കുന്നത്. 5.5 ലക്ഷം ചിലവിൽ നിർമ്മിച്ച ഈ ലൈറ്റ് കൂടുതൽ കാലം തെളിഞ്ഞില്ല. പരാതികൾ ശക്തമാകുന്പോൾ അധികൃതർ താത്ക്കാലികമായി എന്തെങ്കിലും ചെയ്ത് ചില ലൈറ്റുകൾ മാത്രം തെളിക്കാറാണ് പതിവ്.
ഇതിന്റെ അറ്റകുറ്റ പണികൾക്ക് പഞ്ചായത്താണ് തുക നൽകേണ്ടത്. മുൻ കാലങ്ങളിൽ പഞ്ചായത്തിൽ ഇതിനായി ഫണ്ട് നീക്കി വച്ചിട്ടില്ലാത്തതിനാൽ വ്യാപാരികളിൽ നിന്നും മറ്റും പിരിവെടുത്താണ് അറ്റകുറ്റ പണികൾ നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അറ്റകുറ്റ പണികൾക്കായി വാർഷിക ഫണ്ട് നൽകിയിട്ടുണ്ട്. ഇതിനായി കരാറുകാരെ ഏൽപ്പിച്ചിട്ടുമുണ്ട്.
എന്നാൽ പഞ്ചായത്തിൽ നിന്ന് അറിയിച്ചാൽ പോലും ഇവർ കൃത്യമായി എത്തി അറ്റകുറ്റ പണികൾ നടത്താത്തതാണ് പ്രശ്നം. കായംകുളം-തിരുവല്ല സംസ്ഥാന പാതയിലെ ഏറ്റവും പ്രധാന ടൗണാണ് മാന്നാർ. അതേസമയം എത്രയും വേഗം ലൈറ്റിന്റെ അറ്റകുറ്റ പണികൾ നടത്തുന്നതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനാ നവാസ് പറഞ്ഞു.