പേരാന്പ്ര: എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു തുക വകയിരുത്തി ചക്കിട്ടപാറയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കിന്റെ ഉദ്ഘാടനം ഇന്നലെ വൈകുന്നേരം നാലരയോടെ മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. വൈകിട്ട് ആറിന് ഉദ്ഘാടനം നടത്താനായിരുന്നു നിശ്ചയിച്ചതെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനാൽ നേരത്തെയാക്കുകയായിരുന്നു.
ദിവസങ്ങൾക്കു മുമ്പ് സ്ഥാപിച്ച ലൈറ്റ് ഇന്നലെ ഉച്ചയോടെ പ്രവർത്തിപ്പിച്ചു നോക്കിയെങ്കിലും കത്തിയില്ല. കരാറുകാരൻ ശ്രമിച്ചിട്ടും വിജയിക്കാതായപ്പോൾ ചക്കിട്ടപാറയിലെ ഇലക്ട്രീഷൻ കോയിക്കൽ സജി രക്ഷയ്ക്കെത്തുകയായിരുന്നു.
സജി തകരാർ പരിഹരിച്ചതിനാൽ മന്ത്രി സ്വിച്ചിട്ടപ്പോൾ ഹൈമാസ്റ്റ് വിളക്കു പ്രകാശിച്ചു. അതേസമയം 50 മീറ്റർ അകലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് ഉണ്ടെങ്കിലും ലൈറ്റിലേക്കുള്ള വൈദ്യുതി കണക്ഷൻ എടുത്തത് സ്വകാര്യ കെട്ടിടത്തിലെ കടയുടെ മെയിൻ സ്വിച്ചിൽ നിന്നായിരുന്നു.
രാത്രി എട്ടരയോടെ കടയടച്ചപ്പോൾ ലൈറ്റണഞ്ഞു. വൈകുന്നേരം ആറു മുതൽ രാവിലെ ആറ് വരെയാണു ലൈറ്റ് കത്തേണ്ടത്.