നാദാപുരം: റോഡ് വികസനത്തിന് തടസ്സമായി വളയത്ത് ഹൈമാസ്റ്റ് ലൈറ്റ് നിർമ്മാണം പ്രതിഷേധവുമായി നാട്ടുകാർ.നന്നേ വീതി കുറഞ്ഞ വളയം – പാറക്കടവ് റോഡിൽ ഗവ.ആശുപത്രിക്ക് മുൻവശമാണ് ഹൈമാസ്റ്റ് ലൈറ്റ് നിർമ്മാണം നടക്കുന്നത്. ബിനോയ് വിശ്വം എംപി അനുവദിച്ച അഞ്ച് ലക്ഷം രൂപ ചെലവിൽ ഒരു ഹൈമാസ്റ്റ് ലൈറ്റും രണ്ട് മിനി മാസ്റ്റ് ലൈറ്റുമാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വളയത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്നത്.
ഇതിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയത് ഗവ.ആശുപത്രി കവാടത്തിലാണ് .ഇവിടെ റോഡിന് തീരെ വീതി കുറവാണ് രണ്ട് മീറ്റർ മാത്രമാണ് താറിംഗ് ഉളളത്. ഇവിടെറോഡരികിലാണ് ഹൈമാസ്റ്റ് ലൈറ്റിന്റെ അടിത്തറയ്ക്ക് കോൺക്രീറ്റ് തൂൺ സ്റ്റാപിച്ചിരിക്കുന്നത്. രണ്ട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വളയം പാറക്കടവ് റോഡ് വീതി കൂട്ടി നവീകരിക്കണമെന്ന് നാട്ടുകാർ ഏറെക്കാലായി ആവശ്യപ്പെട്ട് വരികയാണ്. വളയത്തുള്ളവർ കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് പോകാൻ ആശ്രയിക്കുന്ന പ്രധാന റോഡാണിത്.
വിവിധ ഫണ്ടുകൾ ഇതിനായി നീക്കിവച്ചിട്ടുമുണ്ട്. ഭാവിയിൽ റോഡ് നവീകരിക്കുമ്പോൾ ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് തടസ്സമായി മാറുമെന്നതിൽ സംശയമില്ല. നിലവിൽ ആശുപത്രിയിൽ വരുന്ന വാഹനങ്ങൾ കൊണ്ട് തന്നെ ഇവിടെ ഗതാഗതം സ്തംഭിക്കാറുണ്ട്. വളയം ടൗൺ മുതൽ വില്ലേജ് ഓഫീസ് പരിസരം വരെ വീതി കുറഞ്ഞ റോഡാണ്.ഇത് മനസ്സിലാക്കി അധികൃതർ മുൻകൈ എടുത്ത് ഹൈമാസ്റ്റ് ലൈറ്റ് ആശുപത്രി കോമ്പൗണ്ടിൽ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇതിനായി ആശുപത്രി പരിസരത്തെ ചെറിയ സ്ഥലം മാത്രമേ ആവശ്യമുള്ളൂ. എന്നാൽ അധികൃതരുടെ ഇത്തരം ദീർഘവീക്ഷണമില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങളാണ് മേഖലയിൽ ഗതാഗത തടസങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ സമ്മതമില്ലാത്തതാണ് ലൈറ്റ് റോഡിൽ സ്ഥാപിക്കാൻ കാരണമെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.