പയ്യന്നൂര്‍: കോടികളുടെ നികുതി വെട്ടിപ്പു നടത്തിയെന്ന കുറ്റത്തിന് തൃശൂര്‍ ആസ്ഥാനമായി മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് (എംഎല്‍എം) കമ്പനിയായി പ്രവര്‍ത്തിച്ചുവന്ന ഹൈറിച്ചിന്റെ എംഡി പ്രതാപന് കോലാട്ട് ദാസനെ (പ്രതാപൻ കെ.ഡി) അറസ്റ്റ് ചെയ്ത നടപടി പൂഴ്ത്തിവച്ചതില്‍ ദുരൂഹത. 126 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടും ഈ വിവരങ്ങള്‍ ദിവസങ്ങളോളം മൂടിവെച്ചത് എന്തിനെന്ന ചോദ്യമാണുയരുന്നത്.
കേരള ജിഎസ്ടി ഇന്റലിജന്‍സ് കാസര്‍ഗോഡ് യൂണിറ്റാണ് ഇയാളെ കഴിഞ്ഞ ഒന്നിന് അറസ്റ്റ് ചെയ്തത്. സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ ജിഎസ്ടി വെട്ടിപ്പ് കേസാണിതെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.
സാധാരണഗതിയില്‍ അഞ്ചുകോടിയുടെ നികുതിവെട്ടിപ്പുപോലും പത്രക്കുറിപ്പിലൂടെ അറിയിക്കാറുള്ള വകുപ്പുദ്യോഗസ്ഥര്‍ ഏറ്റവും വലിയ നികുതിവെട്ടിപ്പെന്ന് വിശേഷിപ്പിച്ച സംഭവം മൂടിവെച്ചത് ആരെ സഹായിക്കാനെന്ന ചോദ്യമുയരുന്നുണ്ട്.
ഇത്തരം സംഭവങ്ങളില്‍ പ്രതികളാവുന്നവരുടെ അക്കൗണ്ടുകള്‍ നിയമ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതുവരെ മരവിപ്പിക്കുന്ന രീതി ഇത്രയും വലിയ തട്ടിപ്പില്‍ സ്വീകരിക്കാതിരുന്നതും ചര്‍ച്ചയായിട്ടുണ്ട്. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റം)കോടതിയാണ് ഇയാളെ റിമാൻഡ് ചെയ്തത്.
മാത്രമല്ല ഗ്രീന്‍കോ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തി ജയില്‍വാസവും ഒരുകോടിയോളം പിഴയുമൊടുക്കേണ്ടിവന്നയാളാണ് പുറത്തിറങ്ങിയശേഷം പുതിയ തട്ടിപ്പിന് കളമൊരുക്കിയതെന്ന പരാതി നിലനില്‍ക്കേയാണ് ദുരൂഹമായ നടപടിയെന്നതും ശ്രദ്ധേയമാണ്.
പ്രതിയെ രക്ഷപ്പെടുത്താനായി ചില ഉന്നതര്‍ രംഗത്തിറങ്ങിയതായും അവരുള്‍പ്പെടെ ഉദ്യോഗസ്ഥരിലുണ്ടാക്കിയ ശക്തമായ സമ്മര്‍ദ്ദങ്ങളുമാണ് നടപടികള്‍ മയപ്പെടുത്താനിടയാക്കിയതെന്ന വിവരമാണ് പുറത്തുവരുന്നത്.
കമ്പനിയുടെ നികുതി ബാധ്യത 126.54 കോടിയാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ രണ്ടു തവണകളിലായി 51.5 കോടി രൂപ അടച്ചുവെങ്കിലും 75 കോടി രൂപയിലധികം ബാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു പ്രതാപനെ അറസ്റ്റ് ചെയ്തത്.
ജിഎസ്ടി വകുപ്പിനെ പഴിചാരി ഹൈറിച്ച്
ഹൈറിച്ച് എംഡി പ്രതാപനെ അറസ്റ്റ് ചെയ്ത നടപടിക്ക് ഹൈറിച്ച് അധികൃതര്‍ പഴിചാരുന്നത് ജിഎസ്ടി വകുപ്പുദ്യോഗസ്ഥരെ. കമ്പനിയുടെ പ്രവർത്തനങ്ങളില്‍ പിഴവുകളില്ലായെന്നു പ്രചരിപ്പിക്കുന്നതിനാണ് ഉദ്യോഗസ്ഥരെ പഴിചാരുന്നത്.
കമ്പനി എംഡിയെ അറസ്റ്റ് ചെയ്ത വാര്‍ത്ത പുറത്തുവന്നതിന്റെ പിന്നാലെ കമ്പനിയിറക്കിയ പത്രക്കുറിപ്പിലാണ് ഉദ്യോഗസ്ഥരെ പഴിചാരാനുള്ള ശ്രമം നടന്നത്.
ജിഎസ്ടി ഫയലിംഗ് വിഭാഗത്തില്വന്ന ചില തെറ്റിദ്ധാരണകളുടെ ഭാഗമായി കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുകയായിരുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.
ഇതിന്റെ ഫലമായാണ് ഇത്തരം തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കണക്കുകള്‍ പുറത്തുവന്നതെന്നാണ് ഹൈറിച്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ പുറത്തിറക്കിയ കുറിപ്പിലുള്ളത്. അതേസമയം നികുതിവെട്ടിപ്പിന് അറസ്റ്റ് ചെയ്യപ്പെട്ട കമ്പനി എംഡി റിമാൻഡിൽ കഴിയുകയാണെന്ന വസ്തുത പ്രസ്താവനയിൽ പരാമര്‍ശിച്ചിട്ടേയില്ല എന്നതും ശ്രദ്ധേയമാണ്.