കണ്ണൂര്‍: സാമ്പത്തിക തട്ടിപ്പുകളിലൂടെ വിവാദമായ ഹൈറിച്ചിനെതിരേ വീണ്ടും പരാതി. ഒറ്റപ്പാലം കിണാശേരിയിലെ സിനിമാ പ്രവര്‍ത്തകനായ ചെമ്പകശേരി സുധീഷ് കുമാറാണ് ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളത്.
ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി, ഇതിന്റെ ഡയറക്ടര്‍ കൊള്ളാട്ട് ദാസന് പ്രതാപന്, ഭാര്യ ശ്രീനാ പ്രതാപന്, പ്രിന്‍സ്, ഗൗരി എന്നിവര്‍ക്കെതിരേയാണ് പരാതി നല്‍കിയിട്ടുള്ളത്.
10,000 രൂപ നിക്ഷേപിച്ചാല്‍ 30,000 രൂപയായി മൂന്നിരട്ടി ലാഭത്തോടെ തിരിച്ചു കിട്ടുമെന്നും പുതിയ അംഗങ്ങളെ ഇടതും വലതുമായി ചേര്‍ത്താല്‍ ഓരോ തലത്തിലും വേറെ ലാഭമെത്തുമെന്നും വര്‍ഷത്തില്‍ 1.26 കോടി രൂപവരെ വരുമാനമുണ്ടാകുമെന്നും വിശ്വാസിപ്പിച്ചതായി പരാതിയിലുണ്ട്.
കൂടാതെ കമ്പനിയുടെ സൂപ്പര്‍ മാര്‍ക്കറ്റിലൂടെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ കൂടുതല്‍ ലാഭം, കുമരകത്തേക്കുള്ള വിനോദയാത്ര, കോടികളുടെ എസ്റ്റേറ്റ് തുടങ്ങിയ 18 ആകര്‍ഷക വാഗ്ദാനങ്ങളായിരുന്നു നല്‍കിയതെന്നും പരാതിയില്‍ വിവരിച്ചിട്ടുണ്ട്.
ഇതേതുടര്‍ന്നാണ് 10,000 രൂപ നല്കി കഴിഞ്ഞ ജൂലൈ 13ന് ഇതില്‍ ചേര്‍ന്നതെന്നും എന്നാല്‍ തനിക്കോ നാലു സുഹൃത്തുക്കള്‍ക്കോ ലാഭവിഹിതം ലഭിച്ചില്ലെന്നാണ് പരാതിയില്‍ പറയുന്നത്.
അതിനിടയിലാണ് മാധ്യമങ്ങളിലൂടെ കമ്പനി ജനങ്ങളെ കബളിപ്പിക്കുന്നതായി അറിഞ്ഞതെന്നും ഇതേപ്പറ്റി ചോദിച്ചപ്പോള്‍ കമ്പനിയുടെ ആളുകള്‍ കള്ളക്കേസില്‍ അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അതിനാല്‍ പ്രതികള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.