തൃശൂർ: കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നായി ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് മാറുന്നു. 200 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് പറഞ്ഞിരുന്നതെങ്കിലും ആയിരം കോടിക്കു മുകളിൽ തട്ടിപ്പ് നടന്നു എന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ വെളിപ്പെടുത്തൽ.
ഹൈറിച്ച് ഉടമകള്‍ നടത്തിയത് സമാനതകളില്ലാത്ത തട്ടിപ്പെന്ന് ഇഡി തറപ്പിച്ചു പറയുന്നു. ആയിരകണക്കിന് ആളുകളിൽ നിന്ന് ദമ്പതികളായ തൃശൂര്‍ ചേര്‍പ്പ് സ്വദേശിയായ കെ.ഡി. പ്രതാപനും ശ്രീനയും സമാഹരിച്ചത് 1157 കോടിയെന്നാണ് ഇഡി കണ്ടെത്തിയത്.
ഇരുവരും ക്രിപറ്റോ കറൻസിയുടെയും മൾട്ടിലെവൽ മാർക്കറ്റിംഗിന്റെയും മറവിലാണ് തട്ടിപ്പ് നടത്തിയത്. മെമ്പർഷിപ്പ് ഫീസ് എന്ന പേരിലാണ് ഇടപാടുകാരില്‍ നിന്ന് പണംസ്വീകരിച്ചത്. എന്നാല്‍ ബന്ധപ്പെട്ടവർക്ക് മതിയായ വിശദീകരണം നൽകാനായില്ലെന്നാണ് ഇഡി പറയുന്നത്.
ക്രിപ്റ്റോ കറൻസി ഇടപാടുകൾ ഹൈറിച്ച് സ്മാർടെക് എന്ന കമ്പനിയുടെ പേരിലാണ്. 2022–23 സാമ്പത്തിക വർഷം സമാഹരിച്ചത് 20കോടി രൂപ. വാഗ്ദാനം ചെയ്തത് 15% പലിശ. 500% വാർഷിക ലാഭവും വാഗ്ദാനം. എച്ച്ആർ ക്രിപ്റ്റോ ഉപയോഗിച്ച് ഒരു എക്സ്ചേഞ്ചിലും ഇടപാട് ഇല്ലെന്ന് ഇഡി അറിയിച്ചു.