കൊച്ചി: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പ പായ്ക്കറ്റിന്റെ വില ഹൈക്കോടതി 35 രൂപയിൽനിന്നു 30 രൂപയായി കുറച്ചു. പത്ത് ഉണ്ണിയപ്പം അടങ്ങിയ ഒരു പായ്ക്കറ്റിന് 35 രൂപ വില നിശ്ചയിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടി ചോദ്യം ചെയ്തു കൊട്ടാരക്കര സ്വദേശി എൻ. രാധാകൃഷ്ണ പിള്ള നൽകിയ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
പായ്ക്കറ്റ് ഒന്നിന് 20 രൂപയായിരുന്നത് 35 രൂപയായി വർധിപ്പിച്ചത് ദേവസ്വം ബോർഡിന് അന്യായ നേട്ടമുണ്ടാക്കാനാണെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. ഉണ്ണിയപ്പം വഴിപാടിന്റെ തുക വർധിപ്പിച്ചതിനെതിരേ ഭക്തജനങ്ങൾ പ്രതിഷേധിച്ചതോടെ കൗണ്ടറിനു പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ടു ദേവസ്വം ബോർഡും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ദേവസ്വം ബോർഡിലെ വിദഗ്ധസമിതി പായ്ക്കറ്റൊന്നിന് 30 രൂപ ഈടാക്കിയാൽ മതിയെന്ന ശിപാർശ നൽകിയിരുന്നു. ഇത് അവഗണിച്ചാണ് വില 35 രൂപയായി കൂട്ടിയത്. ഹൈക്കോടതി ഇതു കണക്കിലെടുത്താണ് വില 30 രൂപയാക്കി നിശ്ചയിച്ചത്.
പായ്ക്കറ്റ് ഒന്നിന് ലഭിക്കുന്ന 30 രൂപയിൽ 20 രൂപ ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ചെലവിനത്തിൽ കീഴ്ശാന്തിക്കു നൽകണം. ബാക്കി 10 രൂപ ദേവസ്വം ബോർഡിന് എടുക്കാമെന്നും ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.