ആലപ്പുഴ: അനധികൃത എഴുത്തു ലോട്ടറികളുടെ ചുവടുപിടിച്ച് ഓണ്‍ലൈൻ ചൂതാട്ടവും ജില്ലയിൽ വ്യാപകമാകുന്നതായി ആക്ഷേപം. ഹൈടെക് ചൂതാട്ടങ്ങളാണ് തീരദേശങ്ങളിലടക്കം പലയിടത്തും അരങ്ങേറുന്നത്. ഇടപാടുകാർ ആവശ്യപ്പെടുന്ന നന്പർ എഴുതി നൽകിയിരുന്ന പഴയരീതി പരിഷ്കരിച്ച ഏജന്റുമാർ ഇപ്പോൾ മൊബൈൽ ഫോണിലൂടെയാണ് ഓണ്‍ലൈൻ ചൂതാട്ടത്തിനു കളമൊരുക്കുന്നത്.
രഹസ്യ കോഡുകൾ വഴി ചൂതാട്ടം നടത്തുന്ന ഇത്തരം സംഘങ്ങളെ പിടികൂടാൻ അത്രവേഗം കഴിയില്ലെന്നാണു ലോട്ടറി തട്ടിപ്പുകൾ നിരീക്ഷിക്കുന്ന പോലീസ് സംഘാംഗങ്ങൾ പറയുന്നത്.ചൂതാട്ട നന്പരുകൾ ഓണ്‍ലൈനിലൂടെ കൈമാറുന്ന സംഘങ്ങൾ ഒരുദിവസം നിരവധി തവണ ഇത്തരം ചൂതാട്ടങ്ങൾ സംഘടിപ്പിക്കാറുണ്ടെന്നാണ് രഹസ്യവിവരം. മൊബൈൽ ആപ്ലിക്കേഷനുകളെ കൂട്ടുപിടിച്ചാണ് ഓണ്‍ലൈൻ ചൂതാട്ടം.
ഇടപാടുകാർ ആവശ്യപ്പെടുന്ന നന്പരുകൾ ചൂതാട്ട സംഘത്തലവനു കൈമാറുന്നതും ഏജന്റുമാരാണ്. വാട്ട്സ്ആപ്പ്, എസ്എംഎസ് മുഖേനയാണ് നന്പരുകൾ കൈമാറുന്നത്. പണം കൈമാറി അധികം വൈകാതെ ആവശ്യപ്പെട്ട നന്പർ അനുവദിച്ചുകൊണ്ട് സംഘത്തലവന്റെ സന്ദേശം ഇടപാടുകാരുടെ മൊബൈലിൽ ലഭിക്കും. ഇങ്ങനെ നൽകുന്ന നന്പരുകൾക്കു സമ്മാനം ലഭിച്ചാൽ അതുവാങ്ങി നൽകേണ്ട ഉത്തരവാദിത്വവും ഏജന്റുമാർക്കാണ്.
സമ്മാനത്തുക സംബന്ധിച്ച് അധികം തർക്കങ്ങൾ ഉയരാത്തതിനാൽ സമാന്തര ലോട്ടറി നടത്തുന്ന സംഘത്തെ കുറിച്ച് പോലീസിനും വ്യക്തതയില്ല. മുന്തിയ കമ്മീഷൻ ലഭിക്കുമെന്നതിനാൽ സംസ്ഥാന ലോട്ടറിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചില ഏജന്റുമാരും ഓണ്‍ലൈൻ ചൂതാട്ട സംഘത്തിന് ഒത്താശ ചെയ്യുന്നു.
എഴുത്തു ലോട്ടറിയിൽ ആകൃഷ്ടരായിരുന്നവരിലേറെയും തീരദേശ-നിർമാണ മേഖലകളിലുള്ളവരായിരുന്നെങ്കിൽ ഓണ്‍ലൈൻ ചൂതാട്ടം ലക്ഷ്യം വയ്ക്കുന്നത് യുവാക്കളെയാണെന്ന് പറയുന്നു. മഹാപ്രളയവും മത്സ്യമേഖലയിലെ വറുതിയും നിർമാണ മേഖലയുടെ സ്തംഭനവും എഴുത്തു ലോട്ടറികളെ ബാധിച്ചതോടെയാണ് പുത്തൻ പരീക്ഷണങ്ങളുമായി ചൂതാട്ട മാഫിയ രംഗത്തത്തിയത്.