അനുമോൾ ജോയ്
കണ്ണൂർ: ഐടി മേഖലയിലാണു ജോലിയെന്നതിനാൽത്തന്നെ പയ്യന്നൂർ ചൂരൽ സ്വദേശി ജിജീഷ് തുടങ്ങിയ പശു ഫാം അല്പം ഹൈടെക്കാണ്. തന്റെ ഫാമിലെ പശുക്കളുടെ കാര്യങ്ങളറിയാൻ ഒരു ആപ്പും നിർമിച്ചുകഴിഞ്ഞു.
ജോലിക്കിടെ ജിജീഷ് നാട്ടിലില്ലാത്തപ്പോൾ ഫാമിന്റെ ചുമതലകൾ നോക്കിനടത്തുന്നത് ഈ ആപ്പിന്റെ സഹായത്തോടെയാണ്.
ഫാമിലെ പശുക്കളുടെ എണ്ണവും പരിപാലനവും ആരോഗ്യസ്ഥിതിയുമെല്ലാം കൃത്യതയോടെ ആപ്പിലൂടെ ശേഖരിക്കും. ഒപ്പം പശുക്കളുടെ പ്രസവതീയതിയും ഈ ആപ്പിലൂടെ കൃത്യമായി അറിയാൻ കഴിയുമെന്ന് ജിജീഷ് പറയുന്നു.
ആപ്പിലൂടെ നൽകുന്ന വിവരങ്ങൾ പ്രകാരം സഹോദരൻ പ്രജീഷാണു ഫാമിന്റെ ചുമതലകൾ നിർവഹിക്കുന്നത്.സാങ്കേതികവിദ്യയുടെയും യന്ത്രവത്കരണത്തിന്റെയും സാധ്യതകളെല്ലാം ഉപയോഗിച്ചാണു ജിജീഷ് ഫാം തുടങ്ങിയത്.
മൂന്ന് പശുക്കളുമായി ചെറിയതോതിൽ തുടങ്ങിയ ഫാമാണ് ഇന്ന് 100 പശുക്കളുള്ള ഹൈടെക് ഫാമായി വളർന്നിരിക്കുന്നത്. പയ്യന്നൂർ ചൂരലിനടുത്ത് അരിയിൽ വെള്ളച്ചാട്ടത്തിനു സമീപം അഞ്ചേക്കർ സ്ഥലത്താണ് ഫാമുള്ളത്.
ടൂറിസം സാധ്യതകൾ മുൻനിർത്തിയാണ് അരിയിൽ വെള്ളച്ചാട്ടത്തിന് സമീപം ഫാം തുടങ്ങിയതെന്ന് ജിജീഷ് പറയുന്നു.
ഫാമിൽ പശുക്കളുടെ എണ്ണം വർധിച്ചതോടെ കൂട്ടപ്പുന്നയിലുള്ള സുഹൃത്തിന്റെ ഫാം ലീസിനെടുത്ത് കിടാക്കളടക്കം 25 ഓളം പശുക്കളെ അങ്ങോട്ടു മാറ്റി. പശുവളർത്തലിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ യുവാവ്.
ഫാമിന്റെ തുടക്കം
ലക്ഷങ്ങൾ പ്രതിഫലം ലഭിക്കുന്ന ഐടി മേഖലയിൽ ജോലി ചെയ്യുമ്പോൾ അഞ്ചുവർഷം മുമ്പാണു സഹപ്രവർത്തകരായ ശ്രീകണ്ഠപുരം സ്വദേശി ദേവദാസ്, കൊല്ലം സ്വദേശി മനു എന്നിവർ ചേർന്ന് ജിജീഷിന്റെ വീടിനടുത്ത് സ്ഥലം വാങ്ങി ഫാമിനു തുടക്കമിട്ടത്.
പിന്നീട് ഫാമിന്റെ നടത്തിപ്പ് ചുമതലകൾ പൂർണമായും ജിജീഷ് ഏറ്റെടുക്കുകയായിരുന്നു. കുടുംബത്തിൽനിന്നു പാരമ്പര്യമായി കിട്ടിയ പശുവളർത്തലിലെ അറിവും ഇതിന് പ്രചോദനമായി. ഇന്നു ദിനംപ്രതി 250 ലിറ്ററിലധികം പാൽ തന്റെ ഫാമിൽനിന്ന് സൊസൈറ്റികളിലേക്കു ജിജീഷ് നൽകിവരുന്നു.
തീറ്റ കർണാടകയിൽനിന്ന്
കർണാടകയിൽനിന്ന് നേരിട്ട് എത്തിക്കുന്ന ചോളം, പുല്ല് എന്നിവയാണ് പശുക്കളുടെ പ്രധാന ഭക്ഷണം. തീറ്റ ഒരുക്കൽ, പുല്ല് ശേഖരിക്കൽ തുടങ്ങിയ ജോലികൾക്കായി ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 12 പേരും ഫാമുമായി ബന്ധപ്പെട്ട് ജീവിക്കുന്നു.
സർക്കാർ സംവിധാനങ്ങളിൽനിന്നു സ്വയംതൊഴിൽ സംരംഭങ്ങളോടും പശുവളർത്തലിനോടും കടുത്ത അവഗണനയാണെന്ന് ജിജീഷ് പറയുന്നു.