വിയ്യൂർ: കോടികൾ മുടക്കി നിർമിച്ച ഇന്ത്യയിലെ രണ്ടാമത്തെ അതീവ സുരക്ഷാജയിൽ സമുച്ചയം വിയ്യൂരിൽ നോക്കാനാളില്ലാ തെ നശിക്കുന്നു. എന്തുകൊണ്ടാണു ജയിൽ സമുച്ചയം തുറക്കാത്തതെന്ന ചോദ്യത്തിന് അധികൃതർക്ക് വ്യക്തമായ ഉത്തരമില്ല. മൂന്നാം വർഷത്തിലേക്ക് കടന്ന എൽഡിഎഫ് സർക്കാർ ഹൈടെക് ജയിലിന്റെ കാര്യത്തിൽ എന്തെങ്കിലും ചെയ്യുമെന്നു പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല.
ധനകാര്യവകുപ്പിന്റെ അവഗണനമൂലം നടപടികളെടുക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. ജയിൽ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഹൈടെക് ജയിലിന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ജയിലിൽ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും സജ്ജീകരണങ്ങളും നശിച്ചുകൊണ്ടിരിക്കുകയാണ്. കന്പ്യൂട്ടറുകൾ അടക്കമുള്ളവ കേടുവന്നു.
ഇന്ത്യയിലാകെയുള്ള രണ്ട് ഹൈടെക് ജയിലുകളിൽ ഏറ്റവും കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത് വിയ്യൂരിലാണ്. 30 ഏക്കർ സ്ഥലത്താണ് ജയിൽ നിലകൊള്ളുന്നത്.അതീവ ജാഗ്രത ആവശ്യമുള്ള തീവ്രവാദ കേസുകളിൽ പെട്ടവരേയും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരേയും കൊടുംകുറ്റവാളികളേയും പാർപ്പിക്കാനാണ് വിയ്യൂരിൽ ഹൈടെക് ജയിൽ സ്ഥാപിച്ചിട്ടുള്ളത്. 2009ൽ കേന്ദ്രാനുമതിയോടെയാണു ജയിൽ നിർമാണം ആരംഭിച്ചത്.
സെൻട്രലൈസ്ഡ് കന്പ്യൂട്ടറൈസ്ഡ് കണ്ട്രോൾ സംവിധാനമാണ് ജയിലിന്റേത്. ഒരു മുറിയിലിരുന്നു കന്പ്യൂട്ടർ ശൃംഖല മുഖേന എല്ലാം നിയന്ത്രിക്കാൻ കഴിയും വിധമാണ് ജയിൽ സംവിധാനം ചെയ്തിരിക്കുന്നത്. ജയിലിനു ചുറ്റുമായി നാലു നിരീക്ഷണ ഗോപുരങ്ങൾ നിർമിച്ചിട്ടുണ്ട്. സ്റ്റോർ മുറികൾ, ആശുപത്രി, ആരാധനാലായങ്ങൾ, ലൈബ്രറി, വിവിധ ഉത്പന്നകേന്ദ്രങ്ങൾ എന്നിവയും ഇവിടെ യുണ്ട്.
കൂടുതൽ സൗകര്യങ്ങൾ ജയിൽ പ്രവർത്തനം ആരംഭിച്ച ശേഷം ഒരുക്കനായിരുന്നു തീരുമാനം. 600 തടവുകാരെ ഇവിടെ പാർപ്പിക്കാൻ കഴിയും. സ്പെഷൽ ഡിഐജിക്കാണ് ജയിലിന്റെ ചുമതല. സൂപ്രണ്ടുമാർ, ഡെപ്യൂട്ടി സൂപ്രണ്ടുമാർ, ജയിലർമാർ, വാർഡൻമാർ, മറ്റിതര വകുപ്പിലെ ജീവനക്കാർ, ഡോക്ടർമാർ എന്നിങ്ങനെ 150 തസ്തികകളാണ് ഹൈടെക് ജയിലിൽ വേണ്ടത്. ഇതിൽ അന്പതോളം തസ്തികകൾ അനുവദിച്ചിട്ടുണ്ട്.
ജയിൽ പ്രവർത്തനസജ്ജമാകാത്തതുകൊണ്ട് ഇവർക്കു ഡ്യൂട്ടിയൊന്നുമില്ല. എങ്കിലും മാസം കൃത്യമായി ശന്പളം നൽകുന്നുമുണ്ട്. തുറക്കാത്ത ജയിലിലെ ജീവനക്കാർക്കു ശന്പളം നൽകി സർക്കാർ ഖജനാവ് കാലിയാക്കുന്നതിനെതിരെ പ്രതിഷേധവുമുണ്ട്. കേരളത്തിനകത്തും പുറത്തും നടത്തിയ തീവ്രവാദ പ്രവർത്തനങ്ങളിൽ പിടിക്കപ്പെട്ടവർ ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിലാണു തടവിൽ കഴിയുന്നത്.
ഇവർക്ക് ആവശ്യമായ കൂടുതൽ സുരക്ഷ ഇവിടെയില്ല. ഇത്തരം തടവുകാർ രക്ഷപ്പെടാനോ ആക്രമണം നടത്തനോ ഉള്ള സാധ്യതകൾ ഏറെയായതുകൊണ്ടുതന്നെ ഇവർക്കു കൂടുതൽ സുരക്ഷയും ആവശ്യമാണ്. ജയിലിലെ സുരക്ഷസംവിധാനക്കുറവിൽ ജയിൽ ജീവനക്കാർക്കു പോലും ആശങ്കയും ഭയവുമുണ്ട്. തൊട്ടപ്പുറത്ത് എല്ലാ കനത്ത സുരക്ഷയോടും കൂടിയുള്ള അതീവ സുരക്ഷാ ജയിൽ സ്ഥാപിച്ചിട്ടും ഈ തടവുകാരെ അങ്ങോട്ടു മാറ്റാത്തതിൽ ജയിൽ ജീവനക്കാർക്കിടയിലും അമർഷവുമുണ്ട്.
കാലപ്പഴക്കമേറെയുള്ള വിയ്യൂർ സെൻട്രൽ ജയിലിനു പുതിയ കെട്ടിടം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സ്ഥലപരിമിതിയും ഇപ്പോഴത്തെ കെട്ടിടത്തിന്റെ ശോച്യാവസ്ഥയുമെല്ലാം പുതിയ കെട്ടിടമെന്ന ആവശ്യത്തിനു കാരണമാണ്. പുതിയ കെട്ടിടം വരുംവരെ വിയ്യൂർ സെൻട്രൽ ജയിലിലുള്ള തടവുകാരെ ഹൈടെക് ജയിലിൽ പാർപ്പിക്കാമെന്ന നിദേശവും ഉയർന്നിട്ടുണ്ട്. 520 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള വിയ്യൂർ ജയിലിൽ ഇപ്പോൾ ആയിരത്തോളം തടവുകാരാണു തിങ്ങിക്കഴിയുന്നത്.