ഋഷി
നിഗൂഢതകളും ദുരൂഹതകളും നിറഞ്ഞതാണ് ഈ ഹൈവേ… 27 വർഷം മുന്പു കണ്ട ഹൈവേയല്ല ഇന്നു കാണുന്നതും ഇനി കാണാൻ പോകുന്നതും..
1995ൽ തീയേറ്ററുകളെ ആവേശത്തിലാഴ്ത്തിയ സുരേഷ്ഗോപി ചിത്രം ഹൈവേ ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. പുതിയ തലമുറയും ഈ ചിത്രം ആസ്വദിക്കുന്നു.
ആ ചിത്രമിറങ്ങി മൂന്നു പതിറ്റാണ്ട് തികയാനിരിക്കെ സംവിധായകൻ ജയരാജ് ഹൈവേ 2 എന്ന ചിത്രം പ്രഖ്യാപിക്കുന്പോൾ പ്രേക്ഷകർ ത്രില്ലടിക്കുകയാണ്.
സുരേഷ്ഗോപിയുടെ പിറന്നാൾ ദിനത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തി ജയരാജ് തന്റെ പുതിയ ചിത്രമായ ഹൈവേ 2 പ്രഖ്യാപിക്കുന്പോൾ സിനിമ പ്രേമികൾക്ക് പ്രതീക്ഷകളേറെയാണ്.
ജയരാജ് രാഷ്ട്രദീപികയോട് സംസാരിക്കുന്നു…ഹൈവേ 2 എന്ന പുതിയ പ്രൊജക്ടിനെക്കുറിച്ച്…
പഴയ ഹൈവേയല്ല പുതിയ ഹൈവേ….
27 വർഷം മുന്പിറങ്ങിയ ഹൈവേയുടെ തുടർച്ചയാണോ ഹൈവേ 2 എന്നു ചോദിച്ചാൽ പൂർണമായും ഒരു തുടർച്ചയല്ല എന്നു തന്നെ പറയേണ്ടി വരും.
കാരണം ഹൈവേ ഇറങ്ങി 27 വർഷം കഴിയുന്പോൾ കാര്യങ്ങളെല്ലാം ഏറെ മാറിയിരിക്കുന്നു. ഹൈവേകളുടെ രൂപം തന്നെ അന്നത്തേക്കാൾ മാറി.
1995ൽ ഹൈവേ എന്ന സിനിമ ചെയ്യുന്പോൾ അന്നത്തെ പതിവ് രീതികളിൽ നിന്നും കുറേ മുന്നോട്ടു മാറി ചിന്തിച്ചായിരുന്നു സ്റ്റൈലിഷായി ഞങ്ങൾ അത് ഒരുക്കിയത്.
ഇത്തവണ ഹൈവേ 2 ഒരുക്കുന്പോഴും അത്തരത്തിലുള്ള ഒരു ട്രീറ്റ്മെന്റ് തന്നെയായിരിക്കും. പഴയ ഹൈവേയുടെ ചില സ്പാർക്കുകൾ എന്തായാലും ഹൈവേ 2വിൽ കാണും.
ഷൂട്ടിംഗ് ഇന്ത്യയുടെ പല ഭാഗത്തും…
ഹൈവേ 2 എന്ന സിനിമ ചിത്രീകരിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായാണ്. അത്തരമൊരു കഥയാണ് ഈ സിനിമയുടേത്.
ഒന്നാം ഭാഗം ഒരു പ്രത്യേക പ്രദേശത്തെ ഹൈവേയെ മാത്രം കേന്ദ്രീകരിച്ചായിരുന്നുവെങ്കിൽ ഇത് പല ഹൈവേകളിലൂടെ കടന്നുപോകുന്ന ഒരു സിനിമയായിരിക്കും. ഒരു മലയാള സിനിമ എന്നതിനപ്പുറം ഒരു ഇന്ത്യൻ സിനിമയായിരിക്കും ഹൈവേ
എനിക്കിതൊരു ചലഞ്ചാണ്…
1996നു ശേഷം ദേശാടനം കഴിഞ്ഞ് സൂപ്പർതാരങ്ങളെ വച്ച് ഇത്തരം കമേഴ്സ്യൽ ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഞാനെടുത്തിട്ടില്ല.
ഇക്കാലയളവിൽ ഞാൻ എന്റെ പരീക്ഷണചിത്രങ്ങളുടെ ലോകത്തായിരുന്നു. പക്ഷേ അപ്പോഴും ഞാൻ മാറിക്കൊണ്ടിരിക്കുന്ന സിനിമകളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
പുതിയ ചെറുപ്പക്കാരുടെ ഇഷ്ടാനിഷ്ടങ്ങൾ തീയേറ്ററുകളിൽ ചെന്ന് അവർക്കൊപ്പമിരുന്ന് കാണുന്പോൾ എനിക്ക് പഠിക്കാൻ കഴിയുമായിരുന്നു.
ഹോളിവുഡ് സിനിമകൾ നന്നായി എൻജോയ് ചെയ്യുന്ന പുതു തലമുറയെ ഞാനെന്റെ മകന്റെ കൂടെയിരുന്ന് തീയേറ്ററുകളിൽ നിന്ന് മനസിലാക്കി.
ഹോളിവുഡിനും തെലുങ്കു സിനിമയ്ക്കും തമിഴ് ചിത്രങ്ങൾക്കും കേരളത്തിൽ ഇന്ന് വലിയ മാർക്കറ്റുണ്ട്, സ്പെയ്സുണ്ട്, പ്രേക്ഷകരുണ്ട്.
നമ്മുടെ സിനിമയ്ക്കും അവിടങ്ങളിൽ മാർക്കറ്റും സ്പയ്സും പ്രേക്ഷകരുമുണ്ടാകണമെന്നാഗ്രഹിക്കുന്നുണ്ട് ഞാൻ. ഹൈവേ 2 അത്തരത്തിലുള്ള ഒരു സിനിമയാക്കാനാണ് ശ്രമിക്കുന്നത്.
എന്നെ സംബന്ധിച്ച് ഈ സിനിമ വലിയൊരു ചലഞ്ചാണ്. വർഷങ്ങൾക്കു ശേഷം ബ്രഹ്മാണ്ഡ ചിത്രവുമായി വരുന്പോൾ നേരിടേണ്ടി വരുന്ന ചലഞ്ചുകൾ ചെറുതല്ല.
പക്ഷേ എനിക്കത് ഇഷ്ടമാണ്. 27 വർഷം കഴിഞ്ഞ് ഇത്തരമൊരു ചിത്രവുമായി വന്ന് യൂത്തിന്റെ മനസിലിടം പിടിക്കുക, അവർക്ക് ഈ സിനിമ ഇഷ്ടപ്പെടുക എന്നത് വലിയ ചലഞ്ചു തന്നെയാണ്.
ഹോളിവുഡിലെ ഏറ്റവും പുതിയ സിനിമയെക്കുറിച്ച് ഇന്നത്തെ യുവതലമുറയ്ക്ക് നല്ല അറിവാണ്. അത്തരമൊരു യൂത്തിനു മുന്നിലേക്ക് വരുകയെന്നത് വലിയ ചലഞ്ചു തന്നെയാണ്.
കോവിഡ് കാലത്ത് മനസിൽ കയറിയ ഹൈവേ 2
ഹൈവേ 2 ഞാൻ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസം സുരേഷിന്റെ (സുരേഷ്ഗോപിയുടെ) പിറന്നാൾ ദിവസമായിരുന്നുവെങ്കിലും കോവിഡിനു മുന്നേ തന്നെ ഈ ചിത്രത്തെക്കുറിച്ച് മനസിലുണ്ടായിരുന്നു.
ശരിക്കുപറഞ്ഞാൽ രണ്ടു വർഷം മുന്പ് ഹൈവേ 2 എന്ന ചിത്രത്തെക്കുറിച്ച് ഐഡിയയുണ്ടായിരുന്നു. എന്നാൽ ഇന്ത്യയുടെ പല ഭാഗത്തും സഞ്ചരിച്ച് ഷൂട്ട് ചെയ്യണമെന്നതിനാലും സുരേഷ്ഗോപിയുടെ രാഷ്ട്രീയ തിരക്കുകൾ കാരണവും ചിത്രീകരണം നീണ്ടു.
സുരേഷ് വീണ്ടും സിനിമകളിൽ സജീവമായപ്പോൾ ഞാൻ ഈ പ്രൊജക്ടിനെക്കുറിച്ച് സംസാരിച്ചു. കേട്ടയുടൻ തന്നെ ത്രില്ലടിച്ച് സുരേഷ് സമ്മതിച്ചു. അങ്ങിനെ ഹൈവേ 2 സജീവമായി.
കഥയും കഥാപാത്രങ്ങളും തൽക്കാലം സസ്പെൻസ്…
ഹൈവേ 2 എന്ന സിനിമ ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കാനാണ് ഇപ്പോൾ ഉദ്ദേശിച്ചിരിക്കുന്നത്. കഥയും കഥാപാത്രങ്ങളും തൽക്കാലം സസ്പെൻസായി ഇരിക്കട്ടെ.
ഹൈവേയിൽ സുരേഷ് അവതരിപ്പിച്ച റോ ഉദ്യോഗസ്ഥൻ തന്നെയാണോ ഹൈവേ 2 വിലെയും കഥാപാത്രമെന്ന് ചിത്രം അനൗണ്സ് ചെയ്തതിനെ തുടർന്ന് നിരവധി പേർ വിളിച്ചു ചോദിച്ചു.
എല്ലാം പിന്നീട് വ്യക്തമാക്കാം. എന്തു തന്നെയായാലും ഹൈവേ 2 ഒരു ആക്ഷൻ ചിത്രമാണ്. ദുരൂഹതകളുള്ള ഒരു ആക്ഷൻ ചിത്രം.
അത് ടെക്നിക്കലി ഏറ്റവും അപ്ഡേറ്റഡ് ആയിരിക്കും. മലയാളിക്ക് മാത്രം ആസ്വദിക്കാനുള്ളതായിരിക്കില്ല അത്.
ഒരു പാൻ ഇന്ത്യ സിനിമ – അതായിരിക്കും ഹൈവേ 2 എന്നുമാത്രം ഇപ്പോൾ പറയാം. നമ്മുടെ ആക്ഷൻ സിനിമകൾക്ക് ഒരു പാൻ ഇന്ത്യ സിനിമ പാറ്റേണ് വന്നു തുടങ്ങിയിട്ടുണ്ട്.
അതുകൊണ്ടു തന്നെ അത് അവഗണിക്കാൻ കഴിയില്ല. ഹൈവേ 2 വിന്റെ കഥ തന്നെ പല സംസ്ഥാനങ്ങളുമായി ലിങ്ക് ചെയ്താണ് കിടക്കുന്നത്. ചിത്രത്തിൽ രാഷ്ട്രീയവുമുണ്ട്. കാസ്റ്റിംഗ് നടന്നുവരികയാണ്.
ഹൈവേ അന്ന് വിജയമായിരുന്നു
സാങ്കേതിക പരമായി വളരെ മുന്നോട്ടു പോയ ചിത്രമായിരുന്നു ഹൈവേ. സാന്പത്തികമായി ആ സിനിമ വിജയവുമായിരുന്നു.
അതിന്റെ നിർമാതാവ് പ്രേംപ്രകാശിന് മുൻചിത്രങ്ങളിൽ സംഭവിച്ച സാന്പത്തിക ബാധ്യതകൾ തീർക്കാനായത് ഹൈവേ എന്ന ചിത്രത്തിലൂടെയാണ്.
തെലുങ്കിൽ റീ മേക്ക് ചെയ്തപ്പോഴും ചിത്രം വലിയ വിജയമായിരുന്നു. എന്റെ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസമായിരുന്നു ഹൈവേയുടെ ഷൂട്ടിംഗ് തുടങ്ങിയത്.
സ്റ്റൈലിഷ് ചിത്രമായിരിക്കും ഹൈവേ 2
യൂത്തിന് ഇഷ്ടപ്പെടുന്ന രീതിയിലായിരിക്കും സ്റ്റൈലിഷ് ചിത്രമായി ഹൈവേ 2 ഒരുക്കുക. ഒരു മിസ്റ്റിക് ത്രില്ലർ ആക്ഷൻ സിനിമയായിരിക്കും ഇത്.
നമ്മുടെ നാട്ടിലെ ഹൈവേകളുടെ വിവിധ കാഴ്ചകൾ ഹൈവേ 2 വിൽ കാണാം. 27 വർഷം മുൻപുള്ള ഹൈവേകളല്ല ഇന്ന് ഇന്ത്യയിൽ.
ഹൈവേകൾ കൂടുതൽ വീതി കൂട്ടി സ്റ്റൈലിഷ് ആയി. അതുകൊണ്ടു തന്നെ ആദ്യത്തെ ഹൈവേയിൽ നിന്നും വ്യത്യസ്തമായി കളർ ടോണിൽ, മ്യൂസിക്കിൽ, ആക്ഷനിൽ എല്ലാം സ്റ്റൈലിഷ് ആയിരിക്കും ഹൈവേ 2
ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരും ആർട്ടിസ്റ്റുകളും ഇതിന്റെ ഭാഗമാകും.
മുപ്പതോളം വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസിലുണ്ടാകുന്ന സ്ഫോടനവും അതെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന റോ ഓഫീസർ ഉടുന്പൻചോലയിലെ പ്ലാന്ററുടെ വേഷത്തിൽ ഹൈവേയിലെ വിന്റർഗ്രീൻ എന്ന ടൗണ്ഷിപ്പിലെത്തുന്നതും തുടർസംഭവങ്ങളുമായിരുന്നു ഹൈവേ എന്ന സിനിമ.
ഹൈവേ 2 എന്തായിരിക്കും….മിസ്റ്ററി ത്രില്ലർ ആക്ഷൻ…..കാത്തിരിക്കാം ഇന്ത്യൻ ഹൈവേകളിലൂടെയുള്ള ആ വിഷ്വൽ യാത്രക്കായി…..നെഞ്ചിടിപ്പോടെ…ആകാംക്ഷയോടെ….