മണ്ണാർക്കാട്: രണ്ട് വർഷത്തിനകം സംസ്ഥാനത്ത് 6000 റോഡുകൾ പുനർ നിർമിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ അറിയിച്ചു. മന്ത്രി സഭയുടെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി ലഫ്റ്റനന്റ് കേണൽ ഇ.കെ.നിരഞ്ജൻ സ്മാരക റോഡിന്റെ നിർമാണോദ്ഘാടനം കാരാകുറുശ്ശി അയ്യപ്പൻകാവിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജർമൻ നിർമിത ആധുനിക യന്ത്രങ്ങളുപയോഗിച്ച് ദേശീയ പാത നിർമാണം നടത്തുന്ന ഇന്ത്യയിലെ നാലാമത്തെ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. പ്രകൃതിനാശം കുറയ്ക്കുന്നതിനും ഉപയോഗശൂന്യമായ അവശിഷ്ടങ്ങൾ കുറയ്ക്കുന്നതിനും ഈ നൂതന രീതി അനിവാര്യമാണ്.
പൊതുമരാമത്തു വകുപ്പിനു കീഴിൽ 10000 കോടിയുടെ പാലങ്ങളും റോഡുകളും ഇപ്പോൾ നിർമാണത്തിലാണ്. 2500 കോടിയുടെ നിർമാണ പ്രവൃത്തികൾക്ക് ഈ ബജറ്റിൽ അനുമതി നൽകിയിട്ടുള്ളതായും മന്ത്രി അറിയിച്ചു. പരിപാടിയിൽ കെ.വി.വിജയദാസ് എം.എൽ.എ അധ്യക്ഷനായി.