കൊല്ലം: ദേശീയ പാത വികസനത്തിന്റെ പേരിൽ ദേവാലയ കെട്ടിടങ്ങൾ അന്യായമായി ഉൾപ്പെടുത്തിയതിൽ പ്രതിഷേധം. നീണ്ടകര വേട്ടുതറ ജംഗ്ഷൻ മുതൽ തെക്കോട്ട് പാലംവരെ നിലവിലുള്ള അലൈൻമെന്റ് പ്ലാനിൽ നിന്നും വ്യത്യസ്തമായി റോഡിന് ഇടത് ഭാഗം ഒഴിവാക്കി വലത് വശം കൂടുതൽ സ്ഥലം ഏറ്റടുത്ത് അതിർത്തി നിർണയിച്ചിട്ടുളളതിനാൽ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിന്റെ മുഖ്യകവാടം, സെമിത്തേരി, ഗ്രോട്ടൊ, പരേതർക്കായി ചടങ്ങുകൾ തടത്തി വരുന്ന ബലി പീഠം, പാരീഷ് ഹാൾ എന്നിവ നഷ്ടപ്പെടുന്ന അവസ്ഥയിലാണ്.
ഇതിൽ പ്രതിഷേധിച്ച് ഇടവകഭരണ സമിതിയും അനിമേറ്റർമാരും നിയമനടപടികളും സമര പരിപാടികളുംമായി മുന്നോട്ട് നീങ്ങുന്നതിന് തീരുമാനിച്ചു. ആരാധനാലയങ്ങളും സെമിത്തേരികളും സംരക്ഷിക്കപ്പെടുമെന്ന് കേന്ദ്ര -സംസ്ഥാനസർക്കാരുകൾ ഉറപ്പ് നൽകിയിട്ടുളള തുക പ്രോജക്ട് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുളളതുമാണ്.
ഇതിന് വിപരീതമായി അനധികൃതവും അന്യായവുമായരീതിയിൽ ദേവാലയ കെട്ടിടങ്ങൾ അലൈൻമെന്റിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളെ യോഗം അപലപിച്ചു.