കുളത്തുപ്പുഴ: മലയോര ഹൈവേയുടെ നിര്‍മ്മാണം കിഴക്കന്‍ മലയോര മേഖലയില്‍ ജനങ്ങളെ വലയ്ക്കുന്നു. കടുത്ത കുടിവെള്ളം ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായി ജലവിതരണ പൈപ്പുകള്‍ കൂടി സ്ഥിരമായി തകരുന്നതാണ് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. കല്ലുവെട്ടാംകുഴി, ഡാലി, മൈലമൂട്, ഒന്തുപച്ച, ചോഴിയക്കോട് പ്രദേശങ്ങളിലാണ് സ്ഥിരമായി കുടിവെള്ള വിതരണം തടസപ്പെടുന്നത്.
ഈ പ്രദേശങ്ങളില്‍ ജലവിതരണം നടത്തുന്നത് കുളത്തുപ്പുഴ കുടിവെള്ള പദ്ധതിയില്‍ നിന്നുമാണ്. ജല വിതരണത്തിനായി പാതയോരത്ത് സ്ഥാപിച്ചിരിക്കുന്ന പൈപ്പുകള്‍ ഹൈവേയുടെ ഭാഗമായിട്ടുള്ള കലിങ്ക് അടക്കമുള്ളവ നിര്‍മ്മിക്കുന്നതിനായ് ജെ സി ബി ഉപയോഗിച്ച് കുഴിക്കുമ്പോള്‍ പൊട്ടുകയാണ്.
പൈപ്പ് തകരുന്നത് നിത്യ സംഭവമാണ്. തകരുന്ന പൈപ്പുകള്‍ ഹൈവേ കരാറുകാര്‍ തന്നെ പുനസ്ഥാപിക്കണം എന്ന് കരാര്‍ ഉള്ളതിനാല്‍ വാട്ടര്‍ അതോറട്ടി ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ല. ഇത് ഹൈവേ കരാറുകാര്‍ക്ക് അനുഗ്രഹമാണ്. അവര്ക്കിഷ്ട്ടമുള്ളപ്പോള് മാത്രമാണിപ്പോള്‍ തകര്‍ന്ന പൈപ്പുകള്‍ പുനസ്ഥാപിക്കുന്നത്.
കുടിവെള്ളം മുടങ്ങുന്നത് സംബന്ധിച്ച പരാതി അറിയിക്കുന്നവരോട് ഹൈവേ നിര്‍മ്മാണ ചുമതല വഹിക്കുന്നവര്‍ മോശമായി പെരുമാറുന്നതായും നാട്ടുകാര്‍ പരാതി പറയുന്നു. വാട്ടര്‍ അതോറട്ടി എഞ്ചിനീയര്‍ അടക്കമുള്ളവരേ പരാതി അറിയിച്ചാലും നടപടിയില്ല.
പൈപ്പ് പൊട്ടി വെള്ളം പോകുന്നത് അറിയിക്കാന്‍ വിളിച്ചപ്പോള്‍ വാട്ടര്‍ അഥോറിറ്റി അധികൃതർ കളിയാക്കുന്ന തരത്തില്‍ സംസാരിച്ചതായും നാട്ടുകാർ പറയുന്നു.. അതേസമയം പാതയുടെ നിര്‍മാണത്തിന്റെ ഭാഗമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഹൈവേ നിര്‍മ്മാണ ചുമതല വഹിക്കുന്നവര്‍ തന്നെ ചെയ്യണം എന്നും ഇതില്‍ വാട്ടര്‍ അതോറട്ടിക്ക് ഒന്നും ചെയ്യാനില്ലന്നും വാട്ടര്‍ അഥോറിറ്റി അധികൃതര്‍ വിശദീകരിക്കുന്നു.