വണ്ണപ്പുറം: ഹൈവേ പോലീസിന്റെ വാഹന പരിശോധന യാത്രക്കാർക്ക് ദുരിതമാകുന്നതായി ആക്ഷേപം. ആലപ്പുഴ-മധുര സംസ്ഥാന ഹൈവേയുടെ ഭാഗമായ വണ്ണപ്പുറം-ചേലച്ചുവട് റോഡിലെ വാഹന പരിശോധനയാണ് യാത്രക്കാരെ വലയ്ക്കുന്നത്.
കുത്തിറക്കവും കയറ്റവും വളവുകളുമുള്ളതും വീതികുറഞ്ഞതുമായ റോഡിൽ നടത്തുന്ന വാഹന പരിശോധന വലിയ ദുരന്തത്തിനു തന്നെ കാരണമാകുമെന്ന ആശങ്കയുമുണ്ട്.
ഡ്രൈവർമാർക്ക് പോലീസിനെ ദൂരെനിന്നു കാണാനാവാത്ത രീതിയിൽ റോഡിലെ വളവുള്ള സ്ഥലങ്ങളാണ് പോലീസ് വാഹനപരിശോധനയ്ക്കായി തെരഞ്ഞെടുക്കുന്നത്.
വളവു തിരിഞ്ഞ് വേഗത്തിൽ വരുന്ന വാഹനങ്ങൾക്കുമുന്നിലേക്ക് കൈകാണിക്കാൻ ഓടിയെത്തുന്ന പോലീസിനെ കാണുന്പോൾ പലപ്പോഴും ഡ്രൈവർമാർക്ക് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമാകാനുള്ള സാധ്യതയുമുണ്ട്. പെട്ടെന്ന് ബ്രേക്കിടുന്പോൾ പിന്നാലെ വരുന്ന വാഹനവുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയും ഏറെയാണ്.
ദീർഘദൂര യാത്രക്കാരാണ് ഇതു വഴി കൂടുതലായും സഞ്ചരിക്കുന്നത്. പെട്ടെന്നുള്ള പോലീസിന്റെ ഇടപെടൽ റോഡിനെ സംബന്ധിച്ച് കൃത്യമായ ധാരണയില്ലാത്ത ഡ്രൈവർമാർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാനും ഇതു കാരണമാകും. കൈക്കുഞ്ഞുങ്ങളെയുമായി ആശുപത്രി ആവശ്യത്തിനും മറ്റും പോകുന്ന വാഹനങ്ങൾപോലും തടഞ്ഞിടുന്ന സ്ഥിതിയാണ്.
വാഹനഡ്രൈവർമാരുടെ അടുക്കലെത്തി പോലീസ് രേഖകൾ പരിശോധിക്കണമെന്നാണ് നിർദേശം.എന്നാൽ മേലുദ്യോഗസ്ഥരുടെ നിർദേശം കാറ്റിൽപറത്തിയാണ് ഈ റോഡിലെ വാഹന പരിശോധന.
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലും വിദൂരസ്ഥലങ്ങളിൽനിന്നു യാത്രചെയ്തുവരുന്ന ആളുകളെ പോലീസ് വാഹനത്തിനു സമീപം വിളിച്ചുനിർത്തി രേഖകൾ പരിശോധിക്കുന്നതും പിഴചുമത്തുന്നതുമെല്ലാം രോഗ വ്യാപനത്തിനും കാരണമാകും.
സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ വാഹനങ്ങൾ പോലും ദിവസത്തിൽ പലതവണ പരിശോധന നടത്തുന്നതായും ആക്ഷേപമുയരുന്നുണ്ട്.
പരിശോധനാ സംഘത്തിലുള്ള എസ്ഐ മാന്യമായി ഇടപെടുന്പോഴും പൊതുജനങ്ങളുമായി സന്പർക്കം പുലർത്താത്ത തീർത്തും ജൂണിയറായ സിവിൽപോലീസ് ഓഫീസർമാരെ വാഹനപരിശോധനയ്ക്ക് നിയോഗിക്കുന്നതാണ് പലപ്പോഴും വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
ഓരോ ദിവസവും ടാർജറ്റ് തികയ്ക്കാൻ നടത്തുന്ന വാഹന പരിശോധന ഗുണത്തെക്കാളുപരി ജനങ്ങൾക്ക് ദുരിതമായി മാറുകയാണ്.